എറണാകുളത്തുനിന്നും കെ.വി തോമസിനെ ഒഴിവാക്കും , ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും ഇല്ല; കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക ഇന്ന്

  • Post category:news
  • Reading time:2 mins read
You are currently viewing എറണാകുളത്തുനിന്നും കെ.വി തോമസിനെ ഒഴിവാക്കും , ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും ഇല്ല; കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക ഇന്ന്

ന്യൂഡല്‍ഹി : നിലവിലുള്ള എം.പിമാര്‍ക്ക് തുടര്‍ന്നും സീറ്റ് നല്‍കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാണ്ട് തീരുമാനം മറികടന്ന് എറണാകുളത്ത് കെ.വി തോമസിനെ ഒഴിവാക്കാന്‍ ധാരണയാകുന്നു. ഇന്നലെ ഡല്‍ഹിയില്‍ നടന്ന സ്ക്രീനിംഗ് കമ്മറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ ഏകദേശ ധാരണ ആയിട്ടുണ്ട്‌. എം.പി എന്ന നിലയിൽ പ്രകടനം മോശമായിരുന്നുവെന്ന എ.ഐ.സി.സി സർവ്വേയുടെ ചുവടുപിടിച്ചാണ‌് തോമസിനെതിരായ പടനീക്കം. എറണാകുളത്ത‌് പകരം ഹൈബി ഈഡനെ മൽസരിപ്പിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട‌്. പക്ഷെ സിറ്റിങ‌് എംപിമാരോട‌് മാറിനിൽക്കാൻ ആവശ്യപ്പെടാനാകാത്ത സാഹചര്യമായതിനാൽ എറണാകുളത്തിന്‍റെ കാര്യത്തിലും രാഹുൽ അന്തിമ തീരുമാനമെടുക്കും.

ഇന്നലെ ഡല്‍ഹിയില്‍ സ്ക്രീനിംഗ് കമ്മറ്റി യോഗത്തിനിടയില്‍ ജി.ആർ.ജി. റോഡിലെ കോൺഗ്രസ് ‘യുദ്ധമുറി’യിലേക്ക് കെ.വി. തോമസിനെ വിളിപ്പിച്ചിരുന്നു. ചർച്ചയ്ക്ക് ശേഷം പുറത്തേക്കുവന്ന തോമസ് സീറ്റില്ലെന്ന സൂചനയുമായി പാർട്ടിയുടെ എന്തു തീരുമാനവും അംഗീകരിക്കുമെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷെ രാത്രിയോടെ സിറ്റിങ് എം.പി.മാർക്കെല്ലാം സീറ്റുനൽകുമെന്നാണ് എ.ഐ.സി.സി. തീരുമാനമെന്നും മറിച്ചൊന്നും ആരും പറഞ്ഞിട്ടില്ലെന്നുമുള്ള നിലപാടിലേക്ക് കെ.വി. തോമസ് മാറി.

കേരളത്തില്‍ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ശനിയാഴ്ച പ്രഖ്യാപിക്കാനിരിക്കേ, ഉമ്മൻചാണ്ടിയും കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കില്ലെന്നുറപ്പായി. മത്സരിക്കാനില്ലെന്ന്‌ തീർത്തുപറഞ്ഞ ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ രാഹുൽ മറിച്ചെന്തെങ്കിലും തീരുമാനിച്ചാലേ മാറ്റംവരൂ. അതിനുള്ള സാധ്യതയില്ലെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. രാഹുൽഗാന്ധിയുടെ അധ്യക്ഷതയിലുള്ള തിരഞ്ഞെടുപ്പുസമിതി ശനിയാഴ്ച രാവിലെ യോഗം ചേർന്ന് പട്ടികയ്ക്ക് അന്തിമരൂപം നൽകും.

ഇടുക്കി മണ്ഡലത്തില്‍ കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിനെയും വടകരയില്‍ കെ.കെ രമയെയും പൊതുസ്വതന്ത്രനായി നിർത്തേണ്ടെന്നും ഇന്നലെ ചേർന്ന സ്‌ക്രീനിങ് കമ്മിറ്റിയിൽ ധാരണയായി. ജോസഫിന‌് ഇടുക്കിയിലെ കോണ്‍ഗ്രസ് സീറ്റ് ഒരു കാരണവശാലും വിട്ടുനൽകേണ്ടതില്ലെന്ന‌് ഡൽഹിയിൽ ചേർന്ന കോൺഗ്രസ‌് സ‌്ക്രീനിങ‌് കമ്മിറ്റി യോഗത്തിൽ ധാരണ. ഇപ്പോഴുള്ള ദേശീയ സാഹചര്യത്തിൽ പരമാവധി സീറ്റുകളിൽ കോൺഗ്രസ‌് മൽസരിക്കേണ്ടതുണ്ടെന്ന ന്യായം കാട്ടിയാണ‌് ജോസഫിനെ വെട്ടിയത‌്.

രാജ്യസഭാ സീറ്റ‌് കോണ്‍ഗ്രസ് ജോസ‌് കെ. മാണിക്ക‌് നൽകിയപ്പോൾ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കാമെന്ന‌് ജോസഫിന‌് ഉറപ്പുനൽകിയ ഉമ്മൻ ചാണ്ടിയും അവസാനനിമിഷം കൈവിട്ടു. ഇടുക്കി മറ്റാർക്കും വിട്ടുകൊടുക്കേണ്ടതില്ലെന്ന‌് എ. കെ ആന്റണിയും നിലപാട‌് സ്വീകരിച്ചു. ജോസഫ‌് വാഴ‌യ‌്ക്കനോ ഡീൻ കുര്യാക്കോസോ ഇടുക്കിയിൽ കോൺഗ്രസ‌് സ്ഥാനാർത്ഥിയാകും. അതേപോലെ വടകരയിലും കെ. കെ രമയെ പിന്തുണയ‌്ക്കേണ്ടതില്ലെന്ന‌് സ‌്ക്രീനിങ‌് കമ്മിറ്റിയിൽ ധാരണയായി.

മുതിര്‍ന്ന നേതാക്കളായ ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവരുടെ കാര്യത്തിലുള്ള അനിശ്ചിതത്വമാണ് അന്തിമപ്പട്ടിക തയ്യാറാവാത്തതിനു കാരണം. ഇക്കാര്യത്തിൽ രാഹുലിന്‍റെ തീരുമാനം വന്നാലേ വയനാട്, വടകര, ആലപ്പുഴ, ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാവൂ. ഇതിന് അനുസരിച്ച് ഗ്രൂപ്പ് സമവാക്യങ്ങളുടെയും സാമുദായിക പ്രാതിനിധ്യത്തിന്‍റെയും അടിസ്ഥാനത്തിൽ ചാലക്കുടി, തൃശ്ശൂർ മണ്ഡലങ്ങളിലും നിലപാടെടുക്കും.

0Shares