അറിയുന്നുണ്ടോ നിങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്ന ചില നല്ല കാര്യങ്ങള്‍: കര്‍ഷകര്‍ക്കുള്ള പട്ടയ വിതരണത്തിന് മെയ് 13 ന് തുടക്കമാകും.

  • Post category:news
  • Reading time:1 min read
You are currently viewing അറിയുന്നുണ്ടോ നിങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്ന ചില നല്ല കാര്യങ്ങള്‍: കര്‍ഷകര്‍ക്കുള്ള പട്ടയ വിതരണത്തിന് മെയ് 13 ന് തുടക്കമാകും.

തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കര്‍ഷകര്‍ക്കുള്ള ഉപാധിരഹിത പട്ടയ വിതരണത്തിന് മെയ് 13 ന് കാഞ്ഞങ്ങാട്ട് തുടക്കമാകും. 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയ ഇടുക്കിയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്നത് എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 1964ലെ കേരള ഭൂമി പതിവു നിയമപ്രകാരമുള്ള ഭൂമി, 1993ലെ സ്‌പെഷ്യല്‍ നിയമപ്രകാരമുള്ള ഭൂമി, ഹൈറേഞ്ച് കോളനിവല്‍ക്കരണ നിയമപ്രകാരമുള്ള ഭൂമി എന്നിവയ്ക്കാണ് ഇപ്പോള്‍ പട്ടയം നല്‍കുന്നത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലകള്‍ തോറും നടക്കുന്ന പട്ടയ മേളകളില്‍ ആദ്യത്തേതാണ് മെയ് 13 ന് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കുന്നത്. മുഖ്യമന്ത്രി പിണാറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പട്ടയമേളയുടെ രണ്ടാമത്തേത് മെയ് 21 ന് ഇടുക്കിയിലെ കുമളിയിലും നടക്കും. 2010 വരെ അപേക്ഷിച്ച് ലാന്റ് രജിസ്റ്ററില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഇപ്പോള്‍ പട്ടയം ലഭിക്കുന്നത്. കര്‍ഷകര്‍ക്ക് പട്ടയ ഭൂമി കൈമാറ്റം ചെയ്യാനും ബാങ്കില്‍ നിന്ന് വായ്പ്പയെടുക്കാനും പറ്റുന്ന തരത്തിലുള്ള പട്ടയമാണ് ഇപ്പോള്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്.

2006- 11 വരെ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഉപാധിരഹിത പട്ടയ നയത്തെ തള്ളി, പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പതിനാറ് ഉപാധികളുള്ള പട്ടയത്തെ റദ്ദ് ചെയ്താണ് പുതിയ ഉപാധിരഹിത പട്ടയ വിതരണം നടക്കുന്നത്. പട്ടയവിതരണം കുറ്റമറ്റതാക്കാനും പരാതി രഹിതമാക്കാനുമുള്ള കഠിന ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനായി റവന്യു മന്ത്രിയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി. ഉപാധിരഹിത പട്ടയ വിതരണത്തിലൂടെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ബാങ്കില്‍ നിന്ന് വിദ്യാഭ്യാസ വായ്പ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും കഴിഞ്ഞ ദിവസമാണ്. പിണറായി സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങളുയരുമ്പോഴും പത്രമാധ്യമങ്ങളില്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോഴും സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇത്തരം വലിയ ജനകീയ പദ്ധതികള്‍ പൊതുജനം അറിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പലപത്രങ്ങളിലും ഇത്തരം വാര്‍ത്തകള്‍ നാലുകോളം വാര്‍ത്തകളില്‍ ഒതുങ്ങുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

 

0Shares