ഒമാന്‍: അറബിക്കടലില്‍ രൂപം കൊണ്ട ലുബാന് ചുഴലികൊടുങ്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജിച്ചു. സലാല ഉള്‍പ്പെടുന്ന തെക്കന്‍ ഒമാന്‍, യമന്‍ ഭാഗത്തേക്കാണ് കാറ്റ് ഇപ്പോള്‍ നീങ്ങുന്നത്. സലാലയില്‍ ജന ജീവിതം സാധാരണ ഗതിയിലാണ്. ഒരു കാറ്റ് വരുന്നതിന്റെ കാര്യമായ മുന്നൊരുക്കങ്ങള്‍ എവിടെയും കാണാനില്ല. വെള്ളിയാഴ്ചയോടെ കാറ്റ് കര തൊടുമെന്ന് ഒമാന്‍ കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 93 മുതല്‍ 102 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. ചുഴലി കൊടുങ്കാറ്റിന്റെ നേരിട്ടല്ലാത്ത ആഘാതങ്ങള്‍ നാളെ മുതല്‍ സലാല ഉള്‍പ്പെടുന്ന ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെ ബാധിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. ഒറ്റപ്പെട്ട മഴക്കും, തിരമാലകള്‍ ആറ് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. സലാല തീരത്ത് നിന്ന് 830 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ കാറ്റിന്റെ സ്ഥാനം.
കാറ്റിന്റെ ഭാഗമായുള്ള മഴമേഘങ്ങള്‍ തീരത്ത് നിന്ന് 525 കിലോമീറ്റര്‍ ദൂരെയെത്തിയിട്ടുണ്ട്. പടിഞ്ഞാറ് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ തെക്കന്‍ ഒമാന്‍, യമന്‍ ഭാഗത്തേക്കാണ് കാറ്റിന്റെ സഞ്ചാരം. അധികൃതരുടെ അറിയിപ്പുകള് കൃത്യമായി പിന്തുടരണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കൂടുതല്‍ സുരക്ഷ സേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പടിഞ്ഞാറ് ഭാഗത്തേക്ക് കാറ്റ് നീങ്ങിയില്ലെങ്കില്‍ വെള്ളിയാഴ്ചയോടെ കനത്ത മഴയും ശക്തമായ കാറ്റും അടിക്കുമെന്ന് അതോറിറ്റി നല്കിയ മുന്നറിയിപ്പില്‍ പറയുന്നു.
അറബിക്കടലില്‍ രൂപം കൊണ്ട ലുബാന് ചുഴലികൊടുങ്കാറ്റ് ഒമാന്‍, യമന്‍ ഭാഗത്തേക്ക് നീങ്ങുന്നു