ബെര്‍ലിന്‍: ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയില്‍ മോഷണം നടത്തിയ കള്ളന്മാര്‍ കൊണ്ട്‌പോയത് 100 കിലോ തൂക്കമുള്ള ഗോള്‍ഡ് കോയിന്‍. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ്ണനാണയമാണ് ഒരു കയറിന്റെയും ഉന്തുവണ്ടിയുടെയും മാത്രം സഹായത്തോടെ ബെര്‍ലിയന്‍ മ്യൂസിയം ദ്വീപിലുള്ള ബോഡ് മ്യൂസിയത്തില്‍ നിന്നും മോഷണം പോയത്. എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിരിക്കുന്ന ബിഗ് മേപ്പിള്‍ ലീഫ് എന്ന ഭീമന്‍ നാണയമാണ് ബുള്ളറ്റ് പ്രൂഫ് ലോക്കറില്‍ നിന്ന് മോഷ്ട് കൂളായി മോഷ്ട്ടിച്ചത്. 100 കിലോ ഭാരമുള്ള ഈ നാണയം ശുദ്ധമായ സ്വര്‍ണത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. 53 സെന്റിമീറ്റര്‍ വ്യാസവും മൂന്ന് സെന്റിമീറ്റര്‍ കനവുമുണ്ട് ഇതിന്. 45 ലക്ഷം ഡോളറാണ് (ഏകദേശം 30 കോടി രൂപ) നാണയത്തിന്റെ മൂല്യം. ലോകത്തിലെ പ്രശസ്ത നാണയ നിര്‍മാണ കമ്പനിയായ റോയല്‍ കനേഡിയന്‍ മിന്റ് 2007ല്‍ നിര്‍മിച്ചതാണ് ഇത്. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള ഈ മ്യൂസിയത്തില്‍നിന്നാണ് നാണയം മോഷ്ടിക്കപ്പെട്ടത്. രണ്ട് പേര്‍ ചേര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 3.20നും 3.45നും ഇടയിലാണ് മോഷണം നടത്തിയതെന്ന് ബെര്‍ലിന്‍ പോലീസ് പറയുന്നു.

മ്യൂസിയം കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സുരക്ഷാ ജീവനക്കാരുടെ മുറിയുടെ ജനാല വഴിയാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. ഇവിടെനിന്ന് നാണയം സൂക്ഷിച്ചിരിക്കുന്ന മുറയിലെത്തുകയും വലിയ ഭാരമുള്ള എതോ ഉപകരണം ഉപയോഗിച്ച് ബുള്ളറ്റ് പ്രൂഫ് അലമാര തകര്‍ത്ത് നാണയം മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് വന്ന വഴിയിലൂടെത്തന്നെ ഭാരമേറിയ നാണയം പുറത്തെത്തിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പുലര്‍ച്ചെ നാലു മണിയോടെയാണ് നാണയം മോഷ്ടിക്കപ്പെട്ടതായി മ്യൂസിയം അധികൃതര്‍ കണ്ടെത്തിയത്. എന്നാല്‍, നിരവധി സുരക്ഷാ ജീവനക്കാരും ക്രമീകരണങ്ങളുമുള്ള മ്യൂസിയത്തില്‍ ആരുമറിയാതെ ഇത്ര വലിയൊരു മോഷണം എങ്ങനെ നടന്നു എന്ന കാര്യം പോലിസിനെ അമ്പരപ്പിച്ചിരിക്കുകയാണ്. മോഷ്ടാക്കളെ പിടികൂടാനായാല്‍ത്തന്നെ നാണയം വീണ്ടെടുക്കാനാവുമോയെന്ന് സംശയമാണ് മോഷ്ടാക്കള്‍ ഇതിനോടകം തന്നെ അത് ഉരുക്കി മറ്റു രൂപത്തിലേയ്ക്കു മാറ്റിയിട്ടുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
