
കാസർകോട്: യോഗയില്‍ ലോക റെക്കോര്‍ഡ് കരസ്ഥമാക്കി കാസര്‍കോട്ടെ വിദ്യാര്‍ത്ഥിനി. കാസര്‍കോട് കറന്തക്കാട് ഹരീഷിൻ്റെയും തേജകുമാരിയുടെയും മകള്‍ പത്ത് വയസ്സുകാരി അഭിജ്ഞ യാണ് നേട്ടം കരസ്ഥമാക്കിയത്. ഗൂഗിള്‍ മീറ്റില്‍ യോഗ അവതരിപ്പിച്ച ഈ കൊച്ചുമിടുക്കി മൂന്ന് മിനുട്ടിൽ 53 യാഗാസനം ചെയ്തു. ഇതോടെ ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ഈ അഞ്ചാം ക്ലാസുകാരിയെ തേടിയെത്തുകയായിരുന്നു.
ഭാരതീയ വിദ്യാഭവന് കീഴിലുള്ള കാസര്‍കോട് ദ്വാരക നഗര്‍ ശ്രീലക്ഷ്മി വെങ്കടേശ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അഭിജ്ഞ. മെയ് 21ന് ബെല്‍ത്തങ്ങാടിയിലെ സ്ഥാപനം മുഖേന ആണ് ഓണ്‍ലൈനില്‍ അമേരിക്കയിലെ ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് സ്ഥാപനവുമായി ബന്ധപ്പെട്ട് യോഗാസനം അവതരിപ്പിച്ചത്.

നേരത്തെ ദേശീയ, രാജ്യാന്തര മത്സരങ്ങളില്‍ പങ്കടുത്ത അഭിജ്ഞക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നാലു വയസുമുതല്‍ യോഗ അഭ്യസിക്കുന്നുണ്ട് അഭിജ്ഞ. യോഗ അധ്യാപികയായ അമ്മ തേജകുമാരിയാണ് ഗുരു. യോഗയിൽ ഗിന്നസ് റെക്കോര്‍ഡ് സ്വന്തം ആക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് അഭിജ്ഞ ചാനൽ ആർ.ബി യോട് പറഞ്ഞു. പത്ത് വർഷമായി കറന്തക്കാട് ദേശീയപാതയോട് ചേർന്നുള്ള വാടകവീട്ടിലാണ് അഭിജ്ഞയും കുടുംബവും താമസിക്കുന്നത്.
