പുരുഷ സഹായമില്ലാതെ വനിത തീര്‍ഥാടകര്‍ ഹജ്ജിനെത്തി; ജിദ്ദയിലും മക്കയിലും ഉജ്ജ്വല സ്വീകരണം, കൈനിറയെ സമ്മാനങ്ങള്‍ നല്‍കി

  • Post category:Gulf / news / tourism
  • Reading time:2 mins read
You are currently viewing പുരുഷ സഹായമില്ലാതെ വനിത തീര്‍ഥാടകര്‍ ഹജ്ജിനെത്തി; ജിദ്ദയിലും മക്കയിലും ഉജ്ജ്വല സ്വീകരണം, കൈനിറയെ സമ്മാനങ്ങള്‍ നല്‍കി

മക്ക: പുരുഷ സഹായമില്ലാതെ (മഹ്‌റം) ഹജ്ജിനെത്തിയ വനിത ഹാജിമാര്‍ക്ക് മക്കയില്‍ ഉജ്ജ്വല സ്വീകരണം. കരിപ്പൂരില്‍ നിന്ന് 145 വനിത തീര്‍ഥാടകരുമായി എത്തിയ ഐ.എക്‌സ് 3025 നമ്പര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വ്യാഴാഴ്‌ച രാത്രി 11.30നാണ് ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ ഇറങ്ങിയത്.

രണ്ട് പൈലറ്റുമാരും നാല് കാബിൻ ക്രൂ അംഗങ്ങളും മാത്രമായി വനിത ഹാജിമാരെ ജിദ്ദയിലെത്തിച്ച വിമാനത്തില്‍ പൂര്‍ണമായും വനിത ജീവനക്കാരായിരുന്നു. ഇവരെ സ്വീകരിക്കാൻ ജിദ്ദ ഇന്ത്യൻ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, പത്നി ഡോ. ഷക്കീല ഷാഹിദ്, വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ എത്തിയിരുന്നു. വിമാനമിറങ്ങിയ ഹാജിമാരെ ഹജ്ജ് സര്‍വിസ് കമ്പനി ഒരുക്കിയ ബസില്‍ വെള്ളിയാഴ്‌ച പുലര്‍ച്ച മൂന്നിന് മക്കയിലെത്തിച്ചു.

നൂറുകണക്കിന് വനിത വളണ്ടിയര്‍മാര്‍ ഉറക്കമൊഴിച്ച്‌ വനിത തീര്‍ഥാടക സംഘത്തെ സ്വീകരിക്കാൻ മക്കയില്‍ കാത്തുനിന്നിരുന്നു. തീര്‍ഥാടകരെത്തിയപ്പോള്‍ സ്വന്ത൦ ഉമ്മമാരെ പോലെ അവര്‍ തീര്‍ഥാടകരെ ഇരുകൈയും നീട്ടി സ്വീകരിച്ചു. കൈനിറയെ സമ്മാനങ്ങള്‍ നല്‍കി. ഹാജിമാര്‍ക്ക് ഏറെ ആശ്വാസമായി കഞ്ഞിയും ഇവര്‍ വിതരണം ചെയ്‌തു. എല്ലാം കണ്ടും അനുഭവിച്ചും അല്ലാഹുവിൻ്റെ അതിഥികള്‍ ഏറെ സംതൃപ്‌തരായിരുന്നു.

പുരുഷ സഹായമില്ലാതെ എത്തിയ ഹാജിമാര്‍ക്ക് മികച്ച സൗകര്യങ്ങളാണ് മക്കയില്‍ ഒരുക്കിയത്. നാട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഉണ്ടായിരുന്ന ആശങ്കകളെല്ലാം അസ്ഥാനത്തായതായി ഇവര്‍ പങ്കുവെച്ചു. 45 വയസ്സിന് മുകളിലുള്ള സ്ത്രീകളായത് കൊണ്ട് പുരുഷ സഹായമില്ലാതെ (മഹ്റം) എങ്ങനെ ഹജ്ജിന് പോകാൻ സാധിക്കുമെന്ന് പലരും ചോദിച്ചിരുന്നെങ്കിലും മക്കയിലെത്തിയപ്പോള്‍ എല്ലാ സഹായങ്ങള്‍ക്കും ഇവിടെ സന്നദ്ധ പ്രവര്‍ത്തകര്‍ ഉണ്ടല്ലോ എന്നത് ഏറെ ആശ്വാസമാണെന്നും വനിത ഹാജിമാര്‍ അഭിപ്രായപ്പെട്ടു.

ഈ വിഭാഗത്തില്‍ ഹജ്ജിന് നാലോ അഞ്ചോ സ്ത്രീകള്‍ ചേര്‍ന്ന് ഒരു കവര്‍ നമ്പറില്‍ അപേക്ഷിക്കാം. ബന്ധുക്കളോ പരിചയക്കാരോ ആണ് ഇത്തരത്തില്‍ സംഘമായി ഹജ്ജിന് അപേക്ഷിക്കുന്നത്. പുണ്യകേന്ദ്രങ്ങളില്‍ എല്ലാം സ്വയം ചെയ്യുമെന്ന് സമ്മതവും വേണം. 2018ലാണ് ആദ്യമായി ഇത്തരത്തില്‍ ഹാജിമാര്‍ എത്തിത്തുടങ്ങിയത്. അത് വിജയം കണ്ടതോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഹാജിമാരുടെ എണ്ണം കൂട്ടി. ഇത്തവണ ഈ വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് 4,000 ഹാജിമാര്‍ പുണ്യഭൂമിയിൽ എത്തുന്നുണ്ട്. ഇവരില്‍ 2,700 പേരും മലയാളി തീര്‍ഥാടകരാണ്. ഇവര്‍ക്കുള്ള സേവനങ്ങളെല്ലാം പുണ്യകേന്ദ്രങ്ങളില്‍ പ്രത്യേകമായി തന്നെ ഒരുക്കിയിട്ടുണ്ട്. മക്കയിലും മദീനയിലും ഇവര്‍ക്ക് മാത്രമുള്ള കെട്ടിടങ്ങളുണ്ട്. ഇവര്‍ യാത്ര ചെയ്യുന്ന ബസുകളില്‍ സ്ത്രീകള്‍ മാത്രമായിരിക്കും. ഇവര്‍ക്ക് സ്വന്തമായി ആശുപത്രി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

നാട്ടില്‍ നിന്ന് ഒമ്പത് വനിത വളണ്ടിയര്‍മാരാണ് (ഖാദിമുല്‍ ഹുജാജ്ജ്) ഇവര്‍ക്ക് സേവനത്തിനായി മാത്രം എത്തിയിട്ടുള്ളത്. പുറമെ മക്കയിലെ നൂറുകണക്കിന് വനിത വളണ്ടിയര്‍മാരും 24 മണിക്കൂറും ഇവരുടെ സേവനത്തിനുണ്ടാവും.

0Shares