
മാവേലിക്കര: രാവിലെ സ്ളാബ് മതിലിൻ്റെ പണിക്കുപോയ ചന്ദ്രന്‍, വൈകുന്നേരം പോക്കറ്റിലിട്ട് വീട്ടിലെത്തിച്ചത് 75 ലക്ഷം. സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്‌ചത്തെ നറുക്കെടുപ്പായ വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ഭരണിക്കാവ് തെക്കേമങ്കുഴി മുറാശ്ശേരില്‍ തെക്കതില്‍ ചന്ദ്രനെ (56) ഒരു പകല്‍ മറയും മുമ്പ് ലക്ഷാധിപതി ആക്കിയത്.
രാവിലെ ജോലിക്കു പോകവേയാണ് ഓച്ചിറയുള്ള ശ്രീറാം ലക്കി സെൻ്റെറില്‍ നിന്ന് ഡബ്ല്യു.ബി 245714 നമ്പര്‍ ടിക്കറ്റെടുത്തത്. പണി കഴിഞ്ഞ് മടങ്ങുന്നതിനിടെ മറ്റൊരിടത്തു നിന്ന് ഒരു ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചു.

അവിടെ ചെന്നപ്പോഴാണ് വിന്‍ വിന്‍ അടിച്ചത് ആലപ്പുഴയിലാണെന്ന് അറിഞ്ഞത്. ഒന്നു പരിശോധിച്ചു. ചന്ദ്രന്‍ ഞെട്ടിപ്പോയി, ദേ അടിച്ചുകിടക്കുന്നു 75 ലക്ഷം. ഇത്രയും ഭാരിച്ച തുക പോക്കറ്റിലിട്ടല്ലോ പണിക്കിറങ്ങിയത് എന്നോര്‍ത്തപ്പോള്‍ വീണ്ടും ഞെട്ടി.
സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ചന്ദ്രന് മുമ്പ് ചെറിയ തുകകള്‍ ലഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാന സന്തോഷം വീട്ടുകാരുമായി പങ്കുവച്ച ശേഷം ടിക്കറ്റ് ഭരണിക്കാവ് സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. ഈ ബാങ്കിലാണ് ചന്ദ്രൻ്റെ അക്കൗണ്ട്. ബാങ്ക് സെക്രട്ടറി കെ.എസ് ജയപ്രകാശ്, ഭരണ സമിതിയംഗങ്ങളായ കെ.ബിനു, വിശ്വകുമാര്‍, നിര്‍മല രാജന്‍ എന്നിവര്‍ ചേര്‍ന്ന് ടിക്കറ്റ് ഏറ്റുവാങ്ങി.
മക്കളുടെ വിദ്യാഭ്യാസത്തിനും ഭാവി കാര്യങ്ങള്‍ക്കുമായി പണം ചെലവഴിക്കാനാണ് ചന്ദ്രൻ്റെ തീരുമാനം. ഭാര്യ: ശ്രീല. മക്കള്‍: വിഷ്ണു (പോളിടെക്നിക്), വീണ (ബി.കോം ഒന്നാംവര്‍ഷം). പരേതനായ വേലായുധൻ്റെയും ജാനകി അമ്മയുടെയും മകനാണ്.
