എൻ.ഐ.എ സംഘം കാസർകോട്ട്; സവാദ് ഒളിവിൽ കഴിഞ്ഞത് കരുതലോടെ ആയിരുന്നെന്ന് എൻ.ഐ.എ, സവാദ് എന്ന പേര് മാത്രമാണ് സർട്ടിഫിക്കറ്റിൽ കണ്ടത്, മറ്റ് കാര്യങ്ങൾ അറിയില്ലെന്ന് ഭാര്യ

  • Post category:Kerala / news / trending
  • Reading time:2 mins read
You are currently viewing എൻ.ഐ.എ സംഘം കാസർകോട്ട്; സവാദ് ഒളിവിൽ കഴിഞ്ഞത് കരുതലോടെ ആയിരുന്നെന്ന് എൻ.ഐ.എ, സവാദ് എന്ന പേര് മാത്രമാണ് സർട്ടിഫിക്കറ്റിൽ കണ്ടത്, മറ്റ് കാര്യങ്ങൾ അറിയില്ലെന്ന് ഭാര്യ

കാസർകോട്: കൈവെട്ട് കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കാൻ എൻ.ഐ.എ സംഘം കാസർകോട്ട് എത്തി. സവാദിൻ്റെ ഭാര്യയുടെയും പിതാവിൻ്റെയും മൊഴി എടുക്കും. ഒളിവിൽ കഴിയാനും മറ്റുള്ള സഹായങ്ങൾ ചെയ്‌തു കൊടുത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കുറിച്ചും അന്വേഷിക്കും എന്നാണ് സൂചന.

സവാദ് എന്ന പേര് മാത്രമാണ് സർട്ടിഫിക്കറ്റിൽ കണ്ടത് എന്ന് ഭാര്യയുടെ മൊഴി. സവാദിൻ്റെ മറ്റ് കാര്യങ്ങൾ അറിഞ്ഞത് പിടിയിലായതിന് ശേഷമാണ്. പൊലീസ് മൊഴിയെടുത്തു. എല്ലാ കാര്യങ്ങളോടും അവരോട് പറഞ്ഞിട്ടുണ്ട്. കൂടുതൽ ഒന്നും പറയാനില്ല എന്നും ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൈവെട്ട് കേസ് പ്രതി സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനമാണ്. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ അകത്തായ ചിലരിൽ നിന്നും സവാദിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചു. കേരളത്തിൽ തന്നെയുണ്ടെന്ന് അറിഞ്ഞതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഈ അന്വേഷണത്തിലാണ് സവാദ് കുടുങ്ങിയത്.

സവാദ് ഫോൺ ഉപയോഗിച്ചിരുന്നത് കരുതലോടെയാണെന്ന് എൻ.ഐ.എ പറയുന്നു. തുടർച്ചയായി സിംകാർഡുകൾ മാറ്റി ഉപയോഗിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോൺ ഉപയോഗിച്ചും ആശയവിനിമയം നടത്തി. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒളിവ് ജീവിതത്തിനിടയിൽ ബന്ധപ്പെട്ടില്ല. കൂട്ടു പ്രതികളുമായും ബന്ധമുണ്ടായില്ല.

സവാദിൻ്റെ ചുറ്റുപാട് അറിയില്ലായിരുന്നു എന്ന ഭാര്യാ പിതാവിൻ്റെ നിലപാട് തെറ്റെന്ന് ഏജൻസി പറയുന്നു. എസ്.ഡി.പി.ഐ- പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് ജോലിയും വിവാഹവും തരപ്പെടുത്തിയതെന്ന് എൻ.ഐ.എക്ക് വിവരം ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം എസ്.ഡി.പി.ഐ നേതാക്കളിലേക്കും വ്യാപിപ്പിച്ചു.

സവാദ് കണ്ണൂർ ജില്ലയിൽ മാത്രം ഒളിവിൽ കഴിഞ്ഞത് എട്ട് വർഷമെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. വളപട്ടണം, ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിൽ വാടകവീടുകൾ തരപ്പെടുത്താൻ എസ്.ഡി.പി.ഐ സഹായം ലഭിച്ചു. മട്ടന്നൂരിലെ വാടകവീട്ടിൽ നിന്ന് താമസം മാറാനിരിക്കെയാണ് അറസ്റ്റുണ്ടായത്. സവാദിൻ്റെ ഭാര്യയും സഹായിച്ചവരെയും ചോദ്യം ചെയ്യാൻ എൻ.ഐ.എ തീരുമാനിച്ചിരിക്കുകയാണ്.

ഇളയ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റാണ് സവാദിനെതിരെ തെളിവായത്. ഷാജഹാൻ എന്ന് പേര് മാറ്റിയെങ്കിലും ജനന സർട്ടിഫിക്കറ്റിൽ പേര് സവാദ് എന്നു തന്നെയായിരുന്നു.

ടി.ജെ ജോസഫിൻ്റെ കൈവെട്ടുന്ന സമയത്ത് സവാദിൻ്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവുകളും പ്രതിയെ തിരിച്ചറിയാൻ സഹായകരമായി. എട്ടുവർഷം മുമ്പാണ്‌ കാസർകോട് നിന്ന് ഒരു എസ്.ഡി.പി.ഐ നേതാവിൻ്റെ മകളെ വിവാഹം കഴിച്ചത്. വിവാഹത്തിൽ പള്ളിയിൽ നൽകിയ പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ ശേഷം പുറത്തേക്ക് പോകാതെ കേരളത്തിൽ തന്നെ തങ്ങി.

0Shares