
തിരുവനന്തപുരം/ കാസർകോട്: ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഒമിക്രോൺ കേസുകളിൽ വർദ്ധനയുണ്ടായിട്ടുണ്ട്. നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ ബാധിതരാണ് ഉള്ളത്.
സംസ്‌ഥാനത്ത് 80 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്‌സിൻ ലഭിക്കാൻ അർഹരായിട്ടുള്ളവർ. ഇതിൽ 2 ശതമാനം കുട്ടികൾക്ക് വാക്‌സിനേഷൻ നൽകി. നിലവിൽ വാക്‌സിൻ സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികൾക്ക് വാക്‌സിൻ നൽകാനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കും.

കോവിഡ്-19 ബാധിച്ചു മരണപ്പെട്ടവരുടെ ആശ്രിതർക്ക് സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ധനസഹായം നൽകുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുള്ളതാണ്. നമ്മുടെ ജില്ലയിൽ കഴിഞ്ഞ രണ്ട് മാസത്തോളമായി ഇതിൻ്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ലഭിച്ച അപേക്ഷകളൊക്കെ കാലതാമസം കൂടാതെ തീർപ്പുകൽപ്പിക്കുന്നുണ്ട്. എങ്കിലും, ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 800-ൽ അധികം ആണെന്നിരിക്കെ, 400-ൽ താഴെ അപേക്ഷകൾ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തിൽ, ഇനിയും ധനസഹായത്തിനുള്ള അപേക്ഷ നൽകാൻ ബാക്കി ഉള്ളവരെ കണ്ടെത്തുവാനും അവർക്ക് അപേക്ഷിക്കുവാൻ വേണ്ട സഹായങ്ങൾ നൽകുന്നതിനും യോജിച്ച പരിശ്രമം ആവശ്യമാണ്. ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുടെ ഒരു യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ 05.01.2022 ബുധനാഴ്ച വൈകിട്ട് 04.00 മണിക്ക് ഓൺലൈൻ ആയി ചേരുവാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാവരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു.
