
കൊച്ചി / ന്യൂ ഡെൽഹി: കരടികളെയും മാന്ദ്യത്തെയും വിപണിയില്‍ നിന്ന് തുരത്താന്‍ കേന്ദ്ര ബാങ്ക് വാരാന്ത്യം വജ്രായുധമെടുത്തു. സ്ഥിതി സങ്കീര്‍ണ്ണമാകുമെന്ന തിരിച്ചറിവില്‍ ഒരു വിഭാഗം കരടികള്‍ വിപണിയില്‍ നിന്ന് ഓടി മറഞ്ഞുവെങ്കിലും ഇന്‍ഡക്‌സുകളെ ബാധിച്ച ദുര്‍ബലാവസ്ഥ തുടരുന്നു.
മൂന്നാഴ്‌ചയായി തുടരുന്നു തിരിച്ചടികളില്‍ നിന്നും രക്ഷനേടാന്‍ ഇന്ത്യന്‍ ഓഹരി വിപണിക്കായില്ലെങ്കിലും സൂചികയിലെ തകര്‍ച്ചയെ താല്‍ക്കാലികമായി പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര ബാങ്കിനായി. നാണയപെരുപ്പം കൈപിടിയില്‍ ഒതുക്കാന്‍ ആര്‍.ബി.ഐ വായ്പ്പാ നിരക്ക് 50 ബേസിസ് പോയിന്‍റ് ഉയര്‍ത്തി 5.90 ശതമാനമാക്കി. പിന്നിട്ട അഞ്ച് മാസത്തിനിടയില്‍ പലിശ നിരക്കില്‍ 1.90 ശതമാനം വര്‍ദ്ധയാണ് വരുത്തിയത്.
കഴിഞ്ഞ എട്ട് മാസമായി പണപ്പെരുപ്പം കടിഞ്ഞാണ്‍ പൊട്ടിച്ച് കുതിച്ചതോടെ ധനമന്ത്രാലയം സ്ഥിതിഗതി നിയന്ത്രിക്കാന്‍ പലിശ നിരക്ക് ഉയര്‍ത്തുകയാണ്. യു എസ് ഡോളറിൻ്റെ മൂല്യത്തിലെ വര്‍ധനയും റഷ്യ-ഉക്രൈയിന്‍ യുദ്ധവും ആഗോള സാമ്പത്തിക മേഖലയില്‍ വന്‍ പ്രത്യാഘാതം സൃഷ്‌ടിച്ചു.

യുദ്ധാരംഭ വേളയില്‍ ബാരലിന് 130 ഡോളറിലേയ്‌ക്ക് നീങ്ങിയ ക്രൂഡ് ഓയില്‍ വില നിലവില്‍ 79 ഡോളറിലേയ്‌ക്ക് ഇടിഞ്ഞങ്കിലും ആഭ്യന്തര വില കുറക്കാതെ എണ്ണ കമ്പനികള്‍ ലാഭം ഉയര്‍ത്താന്‍ നടത്തിയ നീക്കങ്ങള്‍ ഒരു പരിധി വരെ നാണയപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാക്കി. വിപണി വിലയെക്കാള്‍ താഴ്‌ത്തി റഷ്യ ക്രൂഡ് ഓയില്‍ റെക്കോര്‍ഡ് അളവില്‍ ഇന്ത്യയിലേയ്‌ക്ക് കയറ്റുമതി നടത്തിയെങ്കിലും അതിൻ്റെ നേട്ടം ജനങ്ങളിലേയ്‌ക്ക് എത്തിക്കാന്‍ കേന്ദ്രം തയ്യാറായില്ല.
വാരാന്ത്യ ദിനത്തില്‍ ബോംബെ ഓഹരി സൂചികയില്‍ 1000 പോയിന്‍റ് കുതിച്ചു ചാട്ടം ദൃശ്യമായെങ്കിലും പിന്നിട്ടവാരം സൂചിക 672 പോയിന്റ് നഷ്‌ടത്തിലാണ്. മുന്‍വാരത്തിലെ 58,098 ല്‍ നിന്നും സെന്‍സെക്‌സ് 56,147 വരെ ഇടിഞ്ഞു. വാരാന്ത്യം പലിശ നിരക്ക് ഉയര്‍ത്തിയ പ്രഖ്യാപനം ഊഹക്കച്ചവടക്കാരെയും ഫണ്ടുകളെയും ഷോട്ട് കവറിങിന് പ്രേരിപ്പിച്ചത് താഴ്‌ച്ചയില്‍ നിന്നും സൂചികയെ 57,722 പോയിന്‍റ് വരെ ഉയര്‍ത്തി.
മാര്‍ക്കറ്റ് ക്ലോസിങില്‍ 57,426 ല്‍ നിലകൊള്ളുന്ന സെന്‍സെക്‌സിന് ഈ വാരം 58,050 ലും 58,675 പോയിന്റിലും പ്രതിരോധം നേരിടാം. പുതിയ വാങ്ങലുകാരെ ആകര്‍ഷിക്കാൻ ആയില്ലെങ്കില്‍ വിപണി വീണ്ടും തിരുത്തലില്‍ അകപ്പെട്ടാല്‍ 56,474 ല്‍ താങ്ങുണ്ട്.
17,320 ല്‍ നിന്നും നിഫ്‌റ്റി സൂചിക ഒരവസരത്തില്‍ 16,747 ലേയ്‌ക്ക് ഇടിഞ്ഞ ശേഷമുള്ള പുള്‍ ബാക്ക് റാലിയില്‍ 17,187 പോയിന്റ് വരെ കുതിച്ച ശേഷം ക്ലോസിങില്‍ 17,094 ലാണ്.
വിദേശ ഫണ്ടുകളില്‍ നിന്നുള്ള വില്‍പ്പന തരംഗത്തില്‍ മുന്‍ നിര ഓഹരിയായ മാരുതിയുടെ ഓഹരി വില അഞ്ചര ശതമാനം ഇടിഞ്ഞു. ടാറ്റാ സ്‌റ്റീല്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയവയുടെ വില നാലര ശതമാനം കുറഞ്ഞു. ആര്‍.ഐ.എല്‍, എസ്.ബി. ഐ, ഐ.ടി.സി, ടാറ്റാ മോട്ടേഴ്‌സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, ക്വാട്ടക്ക് മഹീന്ദ്ര ബാങ്ക്, വിപ്രോ തുടങ്ങിയവയ്‌ക്ക് രണ്ടുമുതല്‍ നാല് ശതമാനം വരെ ഇടിവ് നേരിട്ടു. അതേസമയം നാല് ശതമാനം മികവുമായി ഡോ: റെഡീസ് ഓഹരി മുന്നേറി. ഇന്‍ഫോസിസ്, എച്ച്.സി.എല്‍ ടെക്, ടി.സി.എസ്, എയര്‍ടെല്‍, എച്ച്.യു.എല്‍, സണ്‍ ഫാര്‍മ്മ തുടങ്ങിയവയുടെ നിരക്ക് ഉയര്‍ന്നു.
ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില ഔണ്‍സിന് 1644 ഡോളറില്‍ നിന്നും 1615 ലേയ്‌ക്ക് ഇടിഞ്ഞ അവസരത്തില്‍ ഡോളര്‍ സൂചികയില്‍ ദൃശ്യമായ ഉണര്‍വ് ഓപ്പറേറ്റര്‍മാരെ കവറിങിന് പ്രേരിപ്പിച്ചു. ഇതിനിടയില്‍ ഒരു വിഭാഗം ഫണ്ടുകള്‍ നിക്ഷേപത്തിന് ഉത്സാഹിച്ചതോടെ സ്വര്‍ണം താഴ്‌ന്ന റേഞ്ചില്‍ നിന്നും 1676 ലേയ്‌ക്ക് ഉയര്‍ന്നു, ക്ലോസിങില്‍ 1661 ഡോളറിലാണ്.
