ഗ്രാമ പഞ്ചായത്തിൻ്റെ അനാസ്ഥയില്‍ സ്വന്തം കിടപ്പാടം പോയി; രേഖകള്‍ വാങ്ങാൻ എത്തിയപ്പോള്‍ ഓഫിസില്‍ പൂട്ടിയിട്ടു, സ്ത്രീയുടെ പരാതിയില്‍ വി.ഇ.ഒക്കെതിരെ പോലീസ് കേസ്

  • Post category:local news / news
  • Reading time:1 min read
You are currently viewing ഗ്രാമ പഞ്ചായത്തിൻ്റെ അനാസ്ഥയില്‍ സ്വന്തം കിടപ്പാടം പോയി; രേഖകള്‍ വാങ്ങാൻ എത്തിയപ്പോള്‍ ഓഫിസില്‍ പൂട്ടിയിട്ടു, സ്ത്രീയുടെ പരാതിയില്‍ വി.ഇ.ഒക്കെതിരെ പോലീസ് കേസ്

കാസർകോട്: രേഖകള്‍ വാങ്ങാൻ എത്തിയ സ്ത്രീയെ വി.ഇ.ഒ പഞ്ചായത്ത് ഓഫിസില്‍ പൂട്ടിയിട്ടതായി പരാതി. കാസർകോട് മൊഗ്രാല്‍ പുത്തൂരിലാണ് സംഭവം ഉണ്ടായത്. അടുക്കത്ത് ബയല്‍ സ്വദേശി സാവിത്രിയെയാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മുറിയില്‍ അടച്ചിട്ടത്. വി.ഇ.ഒ അബ്ദുള്‍ നാസറിനെതിരെ കാസർകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണം കിടപ്പാടം നഷ്ടപ്പെട്ടവരാണ് സാവിത്രി. ലൈഫ് മിഷനില്‍ വീടിനായി സാവിത്രി അപേക്ഷ നല്‍കിയിരുന്നു. തുടർന്ന് വീട് അനുവദിച്ചതായി വി.ഇ.ഒ ഇവരെ ഔദ്യോഗികമായി അറിയിച്ചു.

ഇതിന് പിന്നാലെ ഉണ്ടായിരുന്ന പഴയ വീട് സാവിത്രി പൊളിച്ച്‌ കളയുകയും ചെയ്‌തു. അതിന് ശേഷമാണ് പഞ്ചായത്തിലെ മറ്റൊരു സാവിത്രിക്കാണ് വീട് അനുവദിച്ചതെന്ന് അറിയിപ്പ് ലഭിച്ചത്. പേര് മാറിപ്പോയത്‌ ആണെന്ന് വി.ഇ.ഒ നല്‍കിയ വിശദീകരണം.

വീട് ലഭിക്കില്ലെന്ന് ഉറപ്പായതോടെ കഴിഞ്ഞ ദിവസം രേഖകള്‍ തിരിച്ച്‌ വാങ്ങാൻ പഞ്ചായത്തില്‍ എത്തിയതായിരുന്നു സാവിത്രി. പൂട്ടിയിട്ടപ്പോൾ മറ്റ് ജീവനക്കാർ എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന വി.ഇ.ഒയുടെ പരാതിയില്‍ സാവിത്രിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

0Shares