പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ഹൃദയാഘാതം വന്നു; മരണകാരണമായത് ‘ക്യാപ്ചർ മയോപ്പതിയെന്ന് റിപ്പോർട്ട്

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ഹൃദയാഘാതം വന്നു; മരണകാരണമായത് ‘ക്യാപ്ചർ മയോപ്പതിയെന്ന് റിപ്പോർട്ട്

പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ. മരണകാരണം ക്യാപ്ചർ മയോപ്പതിയാണ്. ദീർഘനേരം വലയിൽ കുടുങ്ങി തൂങ്ങിക്കിടന്നതിൻ്റെ ആഘാതം മൂലമാണ് ഹൃദയസ്തംഭനം ഉണ്ടായതെന്നും പുലിയുടെ പോ​സ്റ്റുമാർട്ടത്തിന് ശേഷം ഡോക്ടർ പ്രതികരിച്ചു. മൂന്നു മുതൽ നാലു വയസ്സുവരെ പ്രായമുള്ള ആൺ പുലിയാണ് ചത്തത്.

മുകൾനിരയിലെ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നു. പുലിയുടെ വലതുകൈക്ക് പൊട്ടലുണ്ടെന്നും ഡോക്ടർ അരുൺ സക്കറിയ പറഞ്ഞു. ദീർഘനേരം തൂങ്ങിക്കിടന്നതിനെത്തുടർന്ന് പേശികൾക്കുണ്ടാകുന്ന ആഘാതവും ആന്തരികാവയവങ്ങൾക്കുണ്ടായ പ്രശ്‌നവുമാണ് മരണത്തിനിടയാക്കിയത്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം പൂർണമായി നിലച്ചിരുന്നു.

കോട്ടോപ്പാടം കുന്തണിപ്പാടത്ത് പൂവത്താണി ഫിലിപ്പിൻ്റെ വീട്ടിനോടു ചേർന്നുള്ള കോഴിക്കൂട്ടിലാണ് കഴിഞ്ഞ രാത്രി പുലി കുടുങ്ങിയത്. കോഴിക്കൂടിൻ്റെ വലയിൽ കാൽ കുടുങ്ങിയ നിലയിലായിരുന്നു പുലി. അഞ്ചു മണിക്കൂറിലേറെ പുലി വലയിൽ കുടുങ്ങിക്കിടന്നു. മയക്കുവെടി വെച്ച് പുലിയെ പിടികൂടി സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു വനംവകുപ്പ് തീരുമാനിച്ചിരുന്നത്.

എന്നാൽ രാവിലെ പുലി ചത്തു. അതേസമയം പുലി ചത്ത സംഭവത്തിൽ വിമർശനവുമായി വനം മന്ത്രി എ.കെ ശശീന്ദ്രൻ രം​ഗത്തെത്തിയിരുന്നു. ചിലർ ഫോട്ടോ എടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം ഘട്ടങ്ങളിൽ വനപാലകർ നൽകുന്ന നിർദ്ദേശം നാട്ടുകാർ പാലിക്കണം. പുലിയെ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പും വനം വകുപ്പ് എടുത്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.

0Shares