തൃശൂർ സ്വദേശിയുടെ മരണം മങ്കിപോക്‌സ് രോഗം തന്നെ; പരിശോധനാ ഫലത്തിൽ സ്ഥിരീകരണം, അടിയന്തിര ജാഗ്രതാ നിർദ്ദേശം

You are currently viewing തൃശൂർ സ്വദേശിയുടെ മരണം മങ്കിപോക്‌സ് രോഗം തന്നെ; പരിശോധനാ ഫലത്തിൽ സ്ഥിരീകരണം, അടിയന്തിര ജാഗ്രതാ നിർദ്ദേശം

തൃശൂര്‍: തൃശൂരിൽ യുവാവ് മരിച്ചത് മങ്കിപോക്‌സ് മൂലമെന്ന് പരിശോധനാ ഫലത്തിൽ വ്യക്തമായെന്ന് ആരോ​ഗ്യ വകുപ്പ്. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22 കാരനാണ് ശനിയാഴ്‌ച മരിച്ചത്. ഇയാളുടെ സ്രവം വിദ​ഗ്ദ്ധ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ഛന് പരിശോധിച്ചത്. മൂന്ന് ദിവസം മുമ്പാണ് യുവാവ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.

ജൂലൈ 21ന് യു.എ.ഇയിൽ നിന്നെത്തിയ ഇയാൾ രോ​ഗലക്ഷണങ്ങൾ കണ്ടതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ വകുപ്പിന്‍റെയും പോലീസിന്‍റെയും മേല്‍നോട്ടത്തില്‍ കര്‍ശന നിബന്ധനകളോടെ ആയിരിക്കും തുടർ നടപടികളും മൃതദേഹം സംസ്‌കരിക്കുന്നതും. സംസ്ഥാനത്ത് അടിയന്തിര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

അതേസമയം, സംസ്ഥാനത്ത് സ്ഥിരീകരിച്ച മങ്കിപോക്‌സ് വൈറസിന് തീവ്ര വ്യാപന ശേഷിയില്ലെന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. എ.2 വൈറസ് വകഭേദമാണ് മങ്കിപോക്‌സിന് കാരണമെന്നാണ് ജീനോം സീക്വന്‍സ് പഠനത്തില്‍ സ്ഥിരീകരിച്ചത്. എ.2 വൈറസ് വകഭേദത്തിന് തീവ്ര വ്യാപനശേഷിയില്ല. രാജ്യത്ത് ഇതുവരെ അഞ്ച് മങ്കിപോക്‌സ് കേസുകളാണ് സ്ഥിരീകരിച്ചത് അതില്‍ മൂന്നെണ്ണം കേരളത്തിലാണ്.

കൊല്ലം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഈ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ കൊല്ലം സ്വദേശി രോ​ഗമുക്തി നേടി. മൂന്നുപേരും വിദേശയാത്രാ പശ്ചാത്തലം ഉള്ളവരാണ്. ഗള്‍ഫില്‍ നിന്നെത്തിയ ഇവര്‍ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. 75 രാജ്യങ്ങളിലായി 20,000 പേര്‍ക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

പനി, തലവേദന, ശരീരവേദന എന്നിവയൊക്കെയാണ് മങ്കിപോക്‌സിൻ്റെ പ്രാഥമിക ലക്ഷണങ്ങൾ. വൈറസ് ശരീരത്തിലെത്തി ഒരാഴ്‌ചയ്ക്കകം ചർമ്മത്തിൽ ചിക്കൻ പോക്‌സിന് സമാനമായ രീതിയിൽ ചെറിയ കുമിളകൾ രൂപപ്പെടും. കുമിളകൾ ഉണ്ടാകുന്ന സ്ഥലത്ത് കടുത്ത വേദനയും ചൊറിച്ചിലുമുണ്ടാകും. നിലവിലെ സാഹചര്യത്തിൽ ശരീരത്ത് കുമിളകൾ കണ്ടാൽ അത് മങ്കിപോക്‌സിൻ്റെ ലക്ഷണമായി കാണണമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

0Shares