
കാസർകോട്: മരുഭൂവൽകരണം ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ United Nations Convention to Combat Desertification (UNCCDനും, 2040 ആകുന്നതോടെ ലോകത്ത് ഏതെങ്കിലും വിധത്തിൽ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടേയും ഭൂമിയുടേയും പകുതിയും പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യം വെച്ച് ജി 20 രാജ്യങ്ങൾ തുടക്കമിട്ട G20 Global land Initiative എന്ന പരിപാടിയും സംയുക്തമായി തായ്‌ലൻഡിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (AlT) യുടെ നേതൃത്വത്തിൽ “Urban Planning Tools for Addressing Land Degradation and Promoting Land Restoration” എന്ന വിഷയത്തിൽ ജൂലായ് 22 മുതൽ 26 വരെ തായ്‌ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന അഞ്ച് ദിവസത്തെ ശില്പശാലയിൽ പങ്കെടുക്കാൻ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലയ്ക്ക് ഔദ്യോഗിക വൃക്ഷവും പൂവും പക്ഷിയും മൃഗവും പ്രഖ്യാപിച്ച് അവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതി ആവിഷ്കരിച്ച രാജ്യത്തെ ആദ്യ ജില്ല, ദുരന്ത നിവാരണ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ നടത്തിയ സുരക്ഷ ഓഡിറ്റ്, കാർഷിക – മഴവെള്ള സംരക്ഷണ പദ്ധതികൾ, ജലബജറ്റ്, സോളാർ പദ്ധതിയിലെ നേട്ടങ്ങൾ എന്നിങ്ങനെയുള്ള ജില്ലാ പഞ്ചായത്തിൻ്റെ ഇടപെടലുകൾ കണക്കിലെടുത്താണ് ഈ അവസരം.

ഏറ്റവും കൂടുതൽ നദികൾ ഉണ്ടായിട്ടും രൂക്ഷമായ ജല ദൗർലഭ്യം, ഭൂഗർഭ ജലത്തിൻ്റെ രൂക്ഷമായ ഉപഭോഗവും ലഭ്യതക്കുറവും കാരണം ക്രിട്ടിക്കൽ, സെമി ക്രിട്ടിക്കൽ കാറ്റഗറിയിൽപ്പെടുന്ന ബ്ലോക്കുകൾ ഉള്ള ജില്ല, മണ്ണിൻ്റെ വൈവിധ്യങ്ങളുടെ സാധ്യതകളും വെല്ലുവിളികളും, ലാറ്ററെറ്റ് മണ്ണിൻ്റെ ഗുണങ്ങളും ദോഷങ്ങളും ചൂഷണവും, നീർത്തടങ്ങളുടെയും പള്ളങ്ങളുടെയും സാന്നിധ്യവും സംരക്ഷണവും, ജൈവ വൈവിധ്യ സംരക്ഷണത്തിൻ്റെ ആവശ്യകത, തീരദേശ പരിപാലനവും സംരക്ഷണവും എന്നി വിഷയങ്ങൾ ഈ ശില്പശാലയിൽ അവതരിപ്പിച്ച് ജില്ലയ്ക്കായി പ്രത്യേക പദ്ധതികൾ തേടാനുള്ള അവസരമായി ഈ ശില്പശാലയെ കാണുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
