കോടികളുടെ സ്വത്ത് കൈവശപ്പെടുത്താന്‍ ക്രൂരത; മരിച്ച സ്ത്രീയുടെ വിരലടയാളം മുദ്രപ്പത്രത്തില്‍ പതിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കോടികളുടെ സ്വത്ത് കൈവശപ്പെടുത്താന്‍ ക്രൂരത; മരിച്ച സ്ത്രീയുടെ വിരലടയാളം മുദ്രപ്പത്രത്തില്‍ പതിപ്പിച്ചു

കോടികളുടെ സ്വത്ത് കൈവശപ്പെടുത്താന്‍ മരിച്ച സ്ത്രീയുടെ വിരലടയാളം മുദ്രപ്പത്രത്തില്‍ പതിപ്പിച്ച് സഹോദരീപുത്രൻ്റെ ക്രൂരത. മൈസൂരുവിലെ ശ്രീരാമപുരയിലാണ് സംഭവം. ശ്രീരാമപുര ലേഔട്ടിലെ ജയമ്മ (73)യാണ് മരിച്ചത്. ജയമ്മയുടെ പേരില്‍ പാരമ്പര്യമായി ലഭിച്ച കോടിക്കണക്കിന് രൂപ വിലവരുന്ന 14 ഏക്കര്‍ ഭൂമിയുണ്ട്. ഭര്‍ത്താവ് മരിച്ച ഇവര്‍ക്ക് മക്കളില്ല. രണ്ട് മൂത്ത സഹോദരിമാരും ഒരു ഇളയ സഹോദരനുമാണ് ഇവര്‍ക്കുള്ളത്.

ജയമ്മയുടെ ഒരു സഹോദരിയുടെ മകനാണ് ഒന്നുമെഴുതാത്ത മുദ്രപത്രത്തില്‍ ഇവരുടെ വിരലടയാളം പതിപ്പിച്ചത്. മൃതദേഹത്തിൻ്റെ സമീപത്തിരുന്ന് വിരലടയാളം പതിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ജയമ്മയെ ശുശ്രൂഷിച്ചിരുന്നത് താനാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

മരണവിവരമറിഞ്ഞ് മുദ്രപ്പത്രവുമായി വീട്ടിലെത്തിയ ഇയാള്‍ ബന്ധുക്കളുടെ മുന്നില്‍വെച്ച് മൃതദേഹത്തിൻ്റെ കൈപിടിച്ച് വിരലടയാളം പതിപ്പിക്കുകയായിരുന്നു. മറ്റൊരു സഹോദരിയുടെ മകള്‍ ഇതിനെ ചോദ്യം ചെയ്യുകയും വിരലടയാളം പതിപ്പിക്കുന്നതിൻ്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മുദ്രപ്പത്രം തിരികെ നല്‍കാനും ആവശ്യപ്പെട്ടു. മുദ്രപ്പത്രവുമായി ഇയാള്‍ അഭിഭാഷകനായ അയല്‍വാസിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. വിദ്യാരണ്യപുരം പോലീസ് കേസെടുത്തു.

0Shares