ജനനായകന് വിട നൽകി ജനസാഗരം; സ്‌നേഹ രാഷ്ട്രീയത്തിൻ്റെ സൗന്ദര്യം, ഉമ്മൻചാണ്ടി നിത്യതയിലേക്ക്

You are currently viewing ജനനായകന് വിട നൽകി ജനസാഗരം; സ്‌നേഹ രാഷ്ട്രീയത്തിൻ്റെ സൗന്ദര്യം, ഉമ്മൻചാണ്ടി നിത്യതയിലേക്ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രാവുറങ്ങാതെ അന്ത്യമോപചാരം അര്‍പ്പിച്ച് കേരളം. അർധരാത്രിയും പുലർച്ചെയും പകലുമായി ആയിരങ്ങൾ ജനനായകനെ കാണാൻ വഴിയരികിൽ കാത്തുനിന്നതോടെ വിലാപയാത്ര മണിക്കൂറുകൾ വൈകി.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽ നിന്ന് ബുധനാഴ്‌ച രാവിലെ ഏഴുമണിയോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറിലധികം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അർധരാത്രി കഴിഞ്ഞിട്ടും വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരു നോക്കുകാണാൻ കാത്തുനിന്നത്.

അർധരാത്രിയിലും പുലർച്ചെയും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല.

തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്ര കൊട്ടാരക്കരയിൽ ചൊവ്വാഴ്‌ച മുതൽ സർവമത പ്രാർഥനയുമായി കാത്തിരുന്ന നാട്ടുകാർ വാഹനത്തിനരികിൽ കൂടി പുഷ്‌പവൃഷ്‌ടി നടത്തി. സങ്കടത്തിൽ ആയിരങ്ങൾ കണ്ണീർ പൊഴിച്ചു.

രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്ക് കടന്നത്. 11.30ന് അടൂരിലും പുലർച്ചെ രണ്ടുമണിയോടെ പന്തളത്തും എത്തിയപ്പോൾ വാഹനങ്ങൾക്ക് നീങ്ങാൻ കഴിയാത്ത വിധം ആ‍ൾക്കൂട്ടം. കുട്ടികളുൾപ്പെടെ ഉള്ളവരാണ് ഇവിടെ കാത്തുനിന്നത്.മൂന്നുമണിയോടെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെത്തുമ്പോഴും തിരക്കുകൂട്ടി. തിരുവല്ലയിൽ വീണ്ടും പത്തനംതിട്ട ജില്ലയുടെ അന്ത്യാഞ്ജലി.

കോട്ടയം ജില്ലയിലേക്ക് കടന്നപ്പോൾ അന്ത്യയാത്ര 22 മണിക്കൂറിലേറെ പിന്നിട്ടിരുന്നു. 27 മണിക്കൂറിലേറെ സമയം എടുത്ത് എത്തിയ തിരുനക്കരയിലെ പൊതുദർശനത്തിന് ശേഷം പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലും പൊതുദർശനം.

വലിയപള്ളി സെമിത്തേരിയിൽ പ്രത്യേക കബറിടത്തിൽ സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം ഏറ്റെടുത്തു. ചൊവ്വാഴ്‌ച പുലർച്ചെ ബംഗളുരുവിൽ വെച്ചായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യം.

0Shares