
സംസ്ഥാനത്തെ സ്‌കൂളുകളിൽ ശനിയാഴ്ച പ്രവർത്തി ദിവസമാക്കിയ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ. തീരുമാനമെടുത്ത ശേഷം അധ്യാപക സംഘടനകളുടെ യോഗം വിളിക്കുന്നത് ശരിയായില്ലെന്നാണ് സംഘടനകൾ ആരോപിക്കുന്നത് . കെ.എസ്. ടി. എ ഒഴികെയുള്ള അധ്യാപക സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്.

വൈകീട്ട് വരെ ക്ലാസ് നീട്ടുമ്പോൾ ശനിയാഴ്ച പ്രവർത്തി ദിവസമാക്കുന്നത് പിൻവലിക്കണമെന്ന് കോൺഗ്രസ് സംഘടന കെ.പി.എസ്. ടി. എ ആവശ്യപ്പെട്ടു. നയപരമായ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നുവെന്നാണ് സി.പി.ഐ സംഘടന എ.കെ.എസ്. ടി.യുവിൻ്റെ പ്രതികരണം. സംസ്ഥാനത്ത് നാളെ മുതൽ സ്കൂളുകൾ തുറക്കുകയാണ്. നാളെ മുതൽ 9 വരെയുള്ള ക്ലാസുകൾ ഉച്ചവരെയായിരിക്കും.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇനി മുതൽ അവധി ദിവസങ്ങളൊഴികെ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടായിരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. 21 മുതൽ മുഴുവൻ ക്ലാസുകളും വൈകീട്ട് വരെയുണ്ടാകും. ഫെബ്രുവരി 21 മുതൽ ഒന്ന് – 12 ക്ലാസുകൾ വൈകുന്നേരം വരെ ക്ലാസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
