അനധികൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം; ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി മന്ത്രി ഇ.ചന്ദ്രശേഖരൻ

  • Post category:local news
  • Reading time:1 min read
You are currently viewing അനധികൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം;  ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി മന്ത്രി ഇ.ചന്ദ്രശേഖരൻ

കാസർകോട്: അനധികൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. വെള്ളിയാഴ്ച്ച രാവിലെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കോവിഡ് അവലോകന യോഗത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എ.മാരായ എം.സി.ഖമറുദ്ധീൻ, എൻ.എ.നെല്ലിക്കുന്ന് എന്നിവരാണ് ഇത് സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചത്.

രാജ് മോഹൻ ഉണ്ണിത്താനെതിരെ കിറ്റ് വിതരണം ചെയ്തതിന്‍റെ പേരിൽ അഴിമതി ആരോപിച്ച് ഒരു ഓൺലൈൻ ചാനൽ വാർത്ത റിപോർട്ട് ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ് നടപടിയെടുക്കാൻ മന്ത്രിയുടെ നിർദ്ദേശം. ജില്ലാ കലക്ടർ ,പോലീസ് അധികൃതർ ഓൺ ലൈൻ ചാനലുകാരനെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആരോപണം. പോലീസിലെ ചിലർ ഓൺ ലൈൻ ചാനലുകാരനെ സ്വാധീനിച്ച് തങ്ങളുടെ വീഴ്ചകൾക്ക് തടയിടുകയാണെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.കുറ്റപ്പെടുത്തി.

കോവിഡ് കാലത്ത് നടന്ന പോലീസ് അതിക്രമങ്ങൾ എം.എൽ.എ.മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഉദ്യോഗസ്ഥർ വാർത്താ സമ്മേളനങ്ങളും അഭിമുഖങ്ങളും മാധ്യമങ്ങൾക്ക് നൽകുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.ജനപ്രതിനിധികൾക്ക് വാർത്താ സമ്മേളനങ്ങളും അഭിമുഖങ്ങളും നൽകാം.എന്നാൽ ഉദ്യോഗസ്ഥർ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

0Shares