
ചെന്നൈ: വ്യാപാരിയിൽ നിന്നും 23 കോടി വിലവരുന്ന വജ്രാഭരണങ്ങള്‍ തട്ടിയെടുത്തു. ചെന്നൈയിലാണ് സംഭവം. വജ്രാഭരണം വാങ്ങാനെന്ന പേരിൽ വ്യാപാരിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ചാണ് വജ്രം തട്ടിയെടുത്തത്. സംഭവത്തിൽ നാലുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ചെന്നൈ അണ്ണാനഗര്‍ സ്വദേശിയായ ചന്ദ്രശേഖറാണ് (70) കവര്‍ച്ചയ്ക്ക് ഇരയായ പരാതിക്കാരൻ. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് 24 മണിക്കൂറിനകം പ്രതികളെ വലയിലാക്കി. മറ്റൊരു വ്യാപരിയായ ലണ്ടന്‍ രാജന്‍, ഇയാളുടെ കൂട്ടാളി, ഇടലനിലക്കാരായ രണ്ട് പേര്‍ എന്നിവരെ ശിവകാശിയില്‍ നിന്ന് പോലീസ് പിടിച്ചത്. ഇയ്യപ്പൻതങ്കൽ സ്വദേശി ജോൺ ലോയ്ഡ് (34), വളസരവാക്കം സ്വദേശി എസ് വിജയ് (24), തിരുവേർകാട് സ്വദേശി ആർ രതീഷ് (28), പരമക്കുടി സ്വദേശി ജി അരുൺ പാണ്ഡ്യരാജൻ (32) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മുന്‍ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഞായറാഴ്ച ആഭരണങ്ങള്‍ കൈമാറാനും പണം വാങ്ങാനുമായി ചന്ദ്രശേഖര്‍ മകള്‍ ജാനകിക്കൊപ്പം ഹോട്ടലിലെത്തുകയായിരുന്നു. ഇടപാടുകാര്‍ പറഞ്ഞതു പ്രകാരം ചന്ദ്രശേഖര്‍ മാത്രമാണ് ഹോട്ടല്‍ മുറിയിലേക്ക് വജ്രാഭരണങ്ങളുമായി പോയത്. മുറിയില്‍ കയറിയ ഉടന്‍ തന്നെ നാലുപേരും ചേര്‍ന്നു ചന്ദ്രശേഖറിനെ മര്‍ദ്ദിച്ച ശേഷം കെട്ടിയിട്ട് ആഭരണങ്ങളുമായി കടന്നുകളഞ്ഞു. ചന്ദ്രശേഖര്‍ തിരികെ വരാന്‍ വൈകിയതോടെ അദ്ദേഹത്തെ അന്വേഷിച്ച് മകള്‍ ജാനകി മുറിയിലേക്ക് ചെന്നു. അപ്പോഴാണ് പിതാവിനെ മുറിയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത വടപളനി പോലീസ് ഹോട്ടലില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തില്‍ നിന്നു പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞു. പിന്നാലെ വിവരം എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. തുടര്‍ന്ന് ശിവാകശി ടോള്‍ പ്ലാസയ്ക്കു സമീപത്തു നിന്നു തൂത്തുക്കുടി പോലീസ് നടത്തിയ വാഹന പരിശോധനയില്‍ പ്രതികളെ വലയിലാക്കി.
