
കാസർകോട്: കുവൈറ്റിൽ തീപിടുത്തത്തിൽ മരണപ്പെട്ട ചെർക്കള കുണ്ടടുക്കയിലെ കെ. രഞ്ജിത്തിൻ്റെ കുടുംബാംഗങ്ങൾക്കുള്ള സർക്കാറിൻ്റെ ആശ്വാസ ധനസഹായം കൈമാറി. പുരാവസ്തുവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി രഞ്ജിത്തിൻ്റെ വീട്ടിലെത്തി രജ്ഞിതിൻ്റെ പിതാവ് രവീന്ദ്രന് കൈമാറി.

സംസ്ഥാന സർക്കാരിൻ്റെ ആശ്വാസ ധന സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം.എ യൂസഫലിനൽകുന്ന അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ രണ്ട് ലക്ഷം രൂപയും അടക്കം 14 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്.

കാസർകോട് എം.എൽ.എ NA നെല്ലിക്കുന്ന്, ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ തഹസിൽദാർ പി.വി മുരളി, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദ്രിയ, വാർഡ് മെമ്പർ പി ശിവപ്രസാദ് നോർക്ക റൂട്ട്സ് മാനേജർ സി. രവീന്ദ്രൻ സി, എം.പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു.
