
കാസർകോട്: കോവിഡ്-19 രോഗികൾക്കും അവരുടെ സമ്പർക്ക പട്ടികയിലുള്ളവർക്കും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായുള്ള സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് ജില്ലാ മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് നൽകുകയെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു.
റീവേഴ്‌സ് ക്വാറൻൈറനിൽ ഉള്ളവർക്ക് സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കില്ല. ഡിസംബർ അഞ്ച് വൈകീട്ട് മൂന്ന് മണി മുതൽ ഡിസംബർ 13 വൈകീട്ട് മൂന്ന് മണി വരെയുള്ള കോവിഡ്-19 രോഗികൾ, അവരുടെ സമ്പർക്ക പട്ടികയിലുള്ളവർ എന്നിവരെ ഉൾപ്പെടുത്തിയാണ് സർട്ടിഫൈഡ് ലിസ്റ്റ് ഡി.എം.ഒ തയാറാക്കുക.

പ്രത്യേകം നിയോഗിച്ച സ്‌പെഷൽ പോളിംഗ് ഓഫീസർമാരും സ്‌പെഷൽ പോളിംഗ് അസിസ്റ്റൻറുമാരും പി.പി.ഇ കിറ്റ് ധരിച്ച് വീടുകളിലോ ആശുപത്രികളിലോ സി.എഫ്.എൽ.ടി.സികളിലോ ചെന്നാവും സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് വിതരണം നടത്തുക. ഈ ഉദ്യോഗസ്ഥരെ ബ്ലോക്കുകളിലേക്കും നഗരസഭകളിലേക്കും നിയോഗിക്കുന്ന റാൻഡമൈസേഷൻ യോഗത്തിൽ നടത്തി.
ഇതനുസരിച്ച് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറി. അവരവർ ജോലി ചെയ്യുന്നതോ താമസിക്കുന്നതോ ആയ ബ്ലോക്കിലോ നഗരസഭയിലോ ഡ്യൂട്ടി അനുവദിച്ചിട്ടില്ല. സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് വിതരണം രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് നിരീക്ഷിക്കാവുന്നതാണ്. പക്ഷേ, വിതരണത്തിൽ പങ്കെടുപ്പിക്കില്ലെന്ന് കളക്ടർ അറിയിച്ചു. കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.
