
സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന എസ്.ബി.ഐ എടുത്തുകളഞ്ഞു. നിലവില്‍ മെട്രോ, അര്‍ദ്ധ മെട്രോ, ഗ്രാമപ്രദേശങ്ങള്‍ക്ക് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണ് എസ്.ബി.ഐ മിനിയം ബാലന്‍സ് നിശ്ചയിച്ചിരുന്നത്. ശരാശരി പ്രതിമാസ ബാലന്‍സ് പരിപാലിക്കാത്തതിന് ഏര്‍പ്പെടുത്തിയിരുന്ന പിഴയും നികുതിയുമാണ് എസ്.ബി.ഐ ഒഴിവാക്കിയത്.

എല്ലാ സേവിംഗ്സ് അക്കൗണ്ടുകളുടെയും വാര്‍ഷിക പലിശ മൂന്നു ശതമാനമായും നിജപ്പെടുത്തി. എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ചതായി ബുധനാഴ്ച പത്രക്കുറിപ്പിലൂടെ എസ്.ബി.ഐ അറിയിച്ചു. 44.51 കോടി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഓരോ മൂന്നുമാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്എംഎസ് ചാര്‍ജും പിന്‍വലിച്ചിട്ടുണ്ട്.
ഇതോടൊപ്പം സ്ഥിര നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശയും എസ്.ബി.ഐ കുറച്ചു. 45 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നാലരയില്‍ നിന്ന് നാല് ശതമാനമായി കുറച്ചു. 45 ദിവസത്തില്‍ കൂടുതലുള്ള സ്ഥിരിനിക്ഷേപങ്ങളുടെ പലിശ ആറില്‍ നിന്ന് 5.9 ആയി കുറച്ചു. കാര്‍ ലോണും ഹൗസിംഗ് ലോണും അടക്കമുള്ള വായ്പകളുടെയും പലിശ കുറച്ചു.
