
പോക്കറ്റടിച്ചുപോയ പഴ്സില്‍ നിന്നും പണം മാത്രമെടുത്ത് രേഖകള്‍ തിരികെ നല്‍കിയ മോഷ്ടാവിനോട് നന്ദി പറഞ്ഞ് പേഴ്‌സിന്റെ ഉടമസ്ഥന്‍. ചെക്യാട് പാറക്കടവ് സ്വദേശിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മോഹനന്‍ പാറക്കടവാണ് പഴ്സ് തിരികെയേല്‍പ്പിച്ച കള്ളനോട് നന്ദി പറഞ്ഞത്. നാലോളം പേഴ്‌സുകള്‍ പോക്കറ്റടിക്കാരന്‍ പണമെടുത്ത ശേഷം തപാല്‍ ബോക്‌സില്‍ നിക്ഷേപിച്ചു വത്രേ
ഫെയ്‌സ്ബുക്കിലൂടെയാണ് ഇദ്ദേഹം നന്ദി അറിയിച്ചത്. പണം മാത്രം എടുത്ത ശേഷം പേഴ്‌സ് തപാല്‍ ബോക്സില്‍ നിക്ഷേപിക്കുകയായിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം :
നന്ദി… പോസ്റ്റല്‍ വകുപ്പിനും പോക്കറ്റടിക്കാരനും ….. ചിന്തന്‍ ശിബിരം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ കോഴിക്കോട് ബസ് ബസ്റ്റാന്റ് പരിസരത്തു നിന്നുമാണെന്ന് തോന്നുന്നു എന്റെ പേഴ്‌സ് കാണാതാവുകയായിരുന്നു. എല്ലാ ഐഡന്റിറ്റി കാര്‍ഡുകളും പേഴ്‌സിനകത്തായിരുന്നു. വണ്ടിക്കൂലിക്കായി കരുതിയ 700 രൂപ പോയതിനേക്കാള്‍ സങ്കടം ഐ ഡി കാര്‍ഡുകള്‍ നഷ്ടപ്പെട്ടതിലാ.. . രാത്രിയില്‍ ഡോക്ടര്‍ ബാസിത്തിനെ വിളിച്ചുവരുത്തി നാട്ടിലെത്താനുള്ള പണം കടം വാങ്ങി. ബസ്സില്‍ കൂടെ കയറിയ ബാബു ഒഞ്ചിയവും കാവില്‍ രാധാകൃഷ്ണനും ബസ് ചാര്ജും ചായയും വാങ്ങിത്തന്നു. എ ടി എം കാര്‍ഡുള്‍പ്പെടെയുള്ളവയ്ക്ക് അപേക്ഷ കൊടുക്കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് കോഴിക്കോട് നിന്നൊരു ഫോണ്‍ കാള്‍.
എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം , പേഴ്‌സ് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അത് കിട്ടിയിട്ടുണ്ടെന്നായിരുന്നു മറുപടി. കാര്‍ഡുകള്‍ അതിലുണ്ടോ എന്നാണ് ആദ്യം തിരക്കിയത്. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ആശ്വാസമായി. ”പക്ഷേ പണമില്ല’, കോഴിക്കോട്ടെ ഹെഡ് പോസ്റ്റ് ഓഫീസിലെ രഞ്ജിത്ത് സാറായിരുന്നു വിളിച്ചത്, എന്റേത് ഉള്‍പ്പെടെ നാലോളം പേഴ്‌സുകള്‍ പോക്കറ്റടിക്കാരന്‍ പണമെടുത്ത ശേഷം തപാല്‍ ബോക്‌സില്‍ നിക്ഷേപിച്ചു വത്രേ., അങ്ങിനെയാണ് ഹെഡ് പോസ്റ്റ് ഓഫീസിലെ രഞ്ജിത്ത് സാറിന് അവ കിട്ടുന്നത്. പോസ്റ്റല്‍ വകുപ്പിലെ എന്റെ സുഹൃത്തായ കരീം വളവിലും വിഷയത്തില്‍ ഇടപെട്ടതോടെ എല്ലാം എളുപ്പമായി.
കഴിഞ്ഞ ദിവസം നാട്ടിലെ പോസ്റ്റ് ഓഫീസില്‍ പേഴ്‌സ് എത്തി…. രഞ്ജിത്തിനെയും കരീമിനെയും വിളിച്ചു നന്ദി അറീച്ചു…. പക്ഷെ , കാര്‍ഡുകളും രേഖകളും തിരിച്ചു തന്ന അജ്ജാതനായ പോക്കറ്റടിക്കാരനോട് നന്ദി പറയാതിരിക്കാനാവില്ലല്ലോ , …നന്ദി,കൂടെ തപാല്‍ വകുപ്പിനും …..
