
റെമാൽ ചുഴലിക്കാറ്റിൽ കൊൽക്കത്തയിൽ രണ്ടു മരണം. മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റയാളും, വീടിന് മുകളിൽ മരം വീണ് വയോധികയുമാണ് മരിച്ചത്. ബംഗാളിലെ തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊൽക്കത്ത വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു. കാറ്റിൻ്റെ വേഗത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ സതേൺ, ഈസ്റ്റേൺ റെയിൽവേയുടെ നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. അതിശക്തമായ മഴ പെയ്യുമെന്ന പ്രവചനത്തിൻ്റെ പശ്ചാത്തലത്തിൽ അസമിലെ പല ജില്ലകളും അതീവ ജാഗ്രതയിലാണ്. സുരക്ഷാ നടപടികൾ പാലിക്കാനും അടിയന്തര സാഹചര്യങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രയോജനപ്പെടുത്താനും ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു. ചുഴലിക്കാറ്റിൻ്റെ ആഘാതം മൂലമുള്ള നാശനഷ്ടങ്ങളുടെ പൂർണ്ണമായ റിപ്പോർട്ടുകളൊന്നും ഇതുവരെ പൂർത്തിയായിട്ടില്ലന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ യാതൊരു കാരണവശാലും ബംഗാൾ ഉൽക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്ന് കേരളത്തിൽ നിർദേശമുണ്ട്. മെയ് 31ന് മുന്‍പായി കാലവര്‍ഷം കേരളത്തില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ വിലയിരുത്തല്‍. വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരളത്തില്‍ വീണ്ടും മഴ കനക്കും. ഈ രണ്ടു ദിവസവും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
