മുതലപ്പൊഴിയിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സർക്കാരിൻ്റെ ആശ്വാസ പാക്കേജ്; അപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്ത യോഗം നടന്നു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മുതലപ്പൊഴിയിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സർക്കാരിൻ്റെ ആശ്വാസ പാക്കേജ്; അപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്ത യോഗം നടന്നു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. മരിച്ച റോബിൻ്റെയും ബിജു ആൻ്റെണിയുടെയും കുടുംബത്തിന് വീട് വെച്ച് നൽകും. റോബിൻ്റെ ഭാര്യ ലതികയ്ക്ക് ജോലി ഉറപ്പാക്കും. സുരേഷ് ഫർണാണ്ടസിൻ്റെ കുടുംബത്തിൻ്റെ ബാങ്ക് കടം ഒഴിവാക്കുമെന്നും കുഞ്ഞുമോൻ്റെ കുടുംബത്തിന് സ്ഥിരം വരുമാനം ഉറപ്പാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ചേർന്നിരുന്നു. സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, ആൻ്റെണി രാജു, ജി.ആര്‍ അനില്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ മരിച്ചത്. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആൻ്റെണി, റോബിൻ എഡ്‍വിൻ എന്നിവരായിരുന്നു മരിച്ചത്.

കഴിഞ്ഞ രണ്ടുമാസത്തിനിടെ മുതലപ്പൊഴിയിലുണ്ടായ പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ ഹാർബർ നിർമ്മാണമാണ് തുടർച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്‌കൂബാ ടീമും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

അപകടത്തെ തുടർന്ന് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്‍റണി രാജു, ജി.ആർ അനിൽ എന്നിവരെ നാട്ടുകാർ തടഞ്ഞത് വലിയ വിവാദമായിരുന്നു. മന്ത്രിമാരെ തടഞ്ഞതിന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര അടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നു.ഇത് ഒരു ഇടവേളയ്ക്കുശേഷം സർക്കാരും ലത്തീൻ സഭയും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായി.

0Shares