കര്‍ണ്ണാടകയിലേക്ക് ദിവസേന പോകുന്നതിനും വരുന്നതിനും റെഗുലര്‍ പാസ് ആവശ്യമില്ല; അതിര്‍ത്തി പഞ്ചായത്തിലുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ കൂടാതെ കാസർകോട് ജില്ലയിൽ പ്രവേശിക്കാം

  • Post category:local news
  • Reading time:1 min read
You are currently viewing കര്‍ണ്ണാടകയിലേക്ക്  ദിവസേന പോകുന്നതിനും വരുന്നതിനും റെഗുലര്‍ പാസ്  ആവശ്യമില്ല; അതിര്‍ത്തി പഞ്ചായത്തിലുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ കൂടാതെ കാസർകോട് ജില്ലയിൽ പ്രവേശിക്കാം

കാസർകോട് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്നതിനായി ഇനി മുതല്‍ റെഗുലര്‍ പാസ് ആവശ്യമില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ജില്ലാതല കോറോണ കോര്‍ കമ്മിറ്റി വിഡിയോ കോണ്‍ഫറന്‍സിങ് യോഗത്തില്‍ അറിയിച്ചു. ദിവസേന യാത്ര ചെയ്യുന്നതിനായി റെഗുലര്‍ പാസ് അനുവദിച്ചിരുന്ന നടപടി പിന്‍വലിച്ചതായി കളക്ടര്‍ പറഞ്ഞു.

എന്നാല്‍ ഇനി മുതല്‍ ആന്റിജന്‍ പരിശോധന നടത്തി ലഭിക്കുന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സഹിതം കോവിഡ്19ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ മാത്രം മതിയാകും.തലപ്പാടി ചെക് പോസ്റ്റില്‍ ഇതിനാവശ്യമായ പരിശോധന നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംവിധാനം ഒരുക്കും.എല്ലാ യാത്രക്കാരുടെയും വിവരങ്ങള്‍ വരുമ്പോഴും പോകുമ്പോഴും ഗൂഗില്‍ സ്‌പ്രെഡ് ഷീറ്റില്‍ രേഖപ്പെടുത്തി സൂക്ഷിക്കും.

നിലവില്‍ യാത്ര അനുവദിച്ചിട്ടുള്ള ദേശീയപാത 66 കൂടാതെ (തലപ്പാടി ചെക് പോസ്റ്റ്) പാണത്തൂര്‍, മാണിമൂല, പെര്‍ള, ജാല്‍സൂര്‍ എന്നീ പ്രധാന റോഡുകളിലൂടെയും ദക്ഷിണ കന്നട ജില്ലയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നതായി കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഈ റോഡുകളിലൂടെ കടന്നു വരുന്നവരും ആന്റിജന്‍ പരിശോധന നടത്തി ലഭിക്കുന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സഹിതം കോവിഡ്19ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തണം.

പാണത്തൂര്‍, മാണിമൂല, പെര്‍ള, ജാല്‍സൂര്‍ എന്നീ നാല് റോഡുകള്‍ കടന്നു പോകുന്നതും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്നതുമായ ഗ്രാമപഞ്ചായത്തുകള്‍ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് കളക്ടര്‍ പറഞ്ഞു.ഈ ചെക് പോസ്റ്റുകളില്‍ ആവശ്യമായ ജീവനക്കാരെയും മെഡിക്കല്‍ പരിശോധന നടത്തുന്നതിന് ഉള്‍പ്പെടെയുള്ള സംവിധാനവും ബന്ധപ്പെട്ട പഞ്ചായത്ത് ഒരുക്കണം. ആവശ്യമായ പരിശീലനം, മറ്റ് സാങ്കേതിക സൗകര്യങ്ങള്‍ എന്നിവയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ഇവര്‍ ബന്ധപ്പെടുക.

അതേപോലെതന്നെ പാണത്തൂര്‍, മാണിമൂല, പെര്‍ള, ജാല്‍സൂര്‍ റോഡുകളിലൂടെ അതിര്‍ത്തി ഗ്രാമപഞ്ചായത്തിലേക്ക് മാത്രമായി കര്‍ണാടകയില്‍ നിന്ന് കടന്നു വരുന്നവരെ രജിസ്‌ട്രേഷന്‍ കൂടാതെ പ്രവേശിപ്പിക്കാം. എന്നാല്‍, ആ വ്യക്തി ആ ഗ്രാമപഞ്ചായത്തിന്‍റെ പരിധി വിട്ട് മറ്റൊരു ഗ്രാമപഞ്ചായത്തിലേക്ക് പ്രവേശിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്‍റെ ചുമതലയായിരിക്കുമെന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

0Shares