
കാഞ്ഞങ്ങാട് / കാസർകോട്: അജാനൂർ ഗ്രാമ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന കാഞ്ഞങ്ങാട്- കാസർകോട് ദേശിയപാതയുടെ പടിഞ്ഞാറ് ഭാഗം പൊതുമരാമത്ത് വകുപ്പിൻ്റെ സ്ഥലം കയ്യേറി വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ. കാസർകോട് വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി കണ്ടെത്തിയത്.
അജ്‌വാ എന്ന പേരിൽ പഴം, പച്ചക്കറി കച്ചവടം നടത്തുന്നത് റോഡ് മുതൽ ഇൻ്റെർലോക്ക് പാകി കയ്യേറ്റം നടത്തിയതായി കണ്ടെത്തി. ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച കെട്ടിടത്തിന് അനുമതിയില്ല.ഏകദേശം 10 സെന്റ് ഭൂമി കയ്യേറിയാണ് ഇൻ്റെർലോക്ക് പാകി കച്ചവടം നടത്തുന്നതിന് ഉപയോഗിക്കുന്നത്. പൊതുമരാമത്ത് സ്ഥലം കയ്യേറി തട്ടുകട എന്ന പേരിൽ ഹോട്ടൽ നടത്തുന്നതായും കണ്ടെത്തി.

കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് പൊതുമരാമത് വകുപ്പാണ് നടപടിയെടുക്കേണ്ടത്. അജാനൂർ പഞ്ചായത്ത് ഓഫിസിലും പി.ഡബ്ല്യൂ.ഡി റോഡ്‌സ് വിഭാഗം കാഞ്ഞങ്ങാട് ഓഫിസിലും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ അസിസ്റ്റണ്ട് സബ് ഇൻസ്പെക്ടർമാരായ പി.വി സതീശൻ, വി.ടി സുഭാഷ് ചന്ദ്രൻ, സീനീയർ സിവിൽ പോലീസ് ഓഫീസർ പി.വി സന്തേഷ് മൈനർ ഇറിഗേഷൻ വകുപ്പ് അസിസ്റ്റണ്ട് എഞ്ചിനിയർ അതുൽ എന്നിവരും പരിശോധനക്ക് ഉണ്ടായിരുന്നു.
കാഞ്ഞങ്ങാട് സൗത്ത് മുതൽ കാസർകോട് പ്രസ് ക്ലബ് ജംഗ്ഷൻ വരെയുള്ള കെ.എസ്.ടി.പി സംസ്ഥാനപാതയുടെ ഇരുവശവുമുള്ള പി.ഡബ്ല്യൂ.ഡി പുറമ്പോക്ക് സ്ഥലം വ്യാപകമായി കയേറി സ്വകാര്യ വ്യക്തികൾ മതിൽ കെട്ടിയതായും കെട്ടിടങ്ങൾ പണിത് വൻ തുകക്ക് വാടകക്ക് വ്യാപാരം നടത്തുന്നതിന് നൽകുന്നതായും ഇന്റർലോക്കിട്ട് സ്വന്തം ഭൂമിപോലെ കൈവശം വെക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പി.ഡബ്ല്യൂ.ഡി വില്ലേജ് പഞ്ചായത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് ഇത്തരത്തിൽ വിലകൂടിയ സർക്കാർ ഭൂമി കയ്യേറുന്നത്. ഇത്തരം പ്രവൃത്തികൾ കണ്ടിട്ടും നിയമ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് വിജിലൻസ് ശുപാർശ നൽകുമെന്നും അറിയിച്ചു.
