
കണ്ണൂർ: കണ്ണിലെ കാന്‍സര്‍ ചികിത്സിക്കാനുള്ള ഒക്യുലാര്‍ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെൻ്റെറില്‍ വിജയകരമായി നടത്തി. കണ്ണ് നീക്കം ചെയ്യാതെ കണ്ണിൻ്റെ കാഴ്‌ച നിലനിര്‍ത്തി കൊണ്ടുള്ള കാന്‍സര്‍ ചികിത്സാ രീതിയാണിത്. യുവിയല്‍ മെലനോമ ബാധിച്ച 55 വയസുകാരിയിൽ ആണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഇറക്കുമതി ചെയ്‌ത പ്‌ളാക്കുകളേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെൻ്റെര്‍ തദ്ദേശീയമായി നിര്‍മ്മിച്ച റുഥേനിയം 106 പ്ലാക് ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും അഭിനന്ദിച്ചു.
കേരളത്തില്‍ ഇത്തരമൊരു ചികിത്സ ആദ്യമായാണ് നടത്തുന്നത്. ന്യൂഡല്‍ഹി ആര്‍മി ഹോസ്പിറ്റല്‍, ഡല്‍ഹി എയിംസ്, ചണ്ഡിഗഡ് ഗവൺമെണ്ട് മെഡിക്കല്‍ കോളേജ് എന്നിവ കഴിഞ്ഞാല്‍ ഈ ചികിത്സ നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സര്‍ക്കാര്‍ ആശുപത്രിയായി ഇതോടെ മലബാര്‍ കാന്‍സര്‍ സെൻ്റെർ മാറി.
മലബാര്‍ കാന്‍സര്‍ സെൻ്റെറിൻ്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണിത്. എം.സി.സി.യിലെ ഒക്യുലാര്‍ ഓങ്കോളജി വിഭാഗവും റേഡിയേഷന്‍ ഓങ്കോളജി വിഭാഗവും ചേര്‍ന്നാണ് ഈ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.
