
ന്യൂഡല്‍ഹി: ഓസ്കാര്‍ ചലച്ചിത്ര വേദിയില്‍ തന്‍റെ ചിത്രം എത്തുകയെന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരം ആയൊരു കാര്യമാണ്. അഭിമാന നിമിഷം കയ്യെത്തും ദൂരത്തെത്തിയിട്ടും ആ സന്തോഷത്തില്‍ പങ്കുചേരാന്‍ പതിനഞ്ചു വയസ്സുകാരനുമായ രാഹുലിന് കഴിയില്ല. അതിനുമുമ്പേ രാഹുല്‍ ഈ ലോകത്തോട് വിടവാങ്ങിയിരിക്കുകയാണ്. അര്‍ബുദത്തിനോട് പൊരുതിയാണ് രാഹുലിൻ്റെ മരണം. അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഇക്കുറി ഓസ്കര്‍ ചലച്ചിത്ര പുരസ്കാരത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക ഫീച്ചര്‍ ചിത്രമായ ‘കല്ലോ ഷോ’യിലെ അഭിനേതാക്കളില്‍ ഒരാളാണ് ജാംനഗറിലെ ഹാപ്പ് സ്വദേശിയായ രാഹുല്‍ കോലി. പാളിന്‍ സംവിധാനം ചെയ്ത ഗുജറാത്തിചിത്രം ഒക്ടോബര്‍ 14ന് തിയേറ്ററുകളിലെത്തും. ഓഡിഷനിലൂടെയാണ് രാഹുലിനെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. ചിത്രത്തിൻ്റെ ട്രെയിലര്‍ മാത്രമേ രാഹുല്‍ കണ്ടിരുന്നുള്ളൂവെന്നും തിയേറ്ററില്‍ വച്ച് ചിത്രം കാണാന്‍ കൊതിയോടെ കാത്തിരിക്കുക ആയിരുന്നുവെന്നും രാഹുലിൻ്റെ പിതാവ് രാമു കോലി പറഞ്ഞു.
