
കാസറഗോഡ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിനായി കാസര്‍കോട് ജില്ലയില്‍ ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായ അര്‍ജുന്‍ പാണ്ഡ്യന്‍ IAS നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഈ ഉത്തരവ് ഏപ്രില്‍ ഏഴിന് വൈകുന്നേരം ആറ് മുതല്‍ ഏപ്രില്‍ 10ന് രാവിലെ ആറ് വരെ നിലവിലുണ്ടാകും. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് വേളയില്‍ ക്രമസമാധാന നില നിലനിര്‍ത്തുന്നതിനുമായാണ് ഈ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്.
ഈ കാലയളവില്‍ ജില്ലയില്‍ നിയമവിരുദ്ധമായ സംഘം ചേരലുകള്‍ക്കോ പൊതുയോഗങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ അനുമതിയുണ്ടായിരിക്കില്ല. മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരോ പ്രചാരകരോ വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ മണ്ഡലത്തില്‍ തുടരാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കൂടാതെ ഏത് തരത്തിലുള്ള ലൗഡ്സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനും കര്‍ശനമായ നിരോധനമുണ്ട്. പോളിംഗ് സ്റ്റേഷനുകള്‍ക്കുള്ളില്‍ നിരീക്ഷകര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഒഴികെ മറ്റാര്‍ക്കും മൊബൈല്‍ ഫോണുകളോ വയര്‍ലെസ് സെറ്റുകളോ ഉപയോഗിക്കാന്‍ അനുവാദമില്ല.
പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ബൂത്തുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവ് പൊതുജനങ്ങളുടെ സാധാരണ ജീവിതത്തെയോ ജോലിയെയോ ബാധിക്കില്ല. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, മറ്റ് സ്വകാര്യ ആഘോഷങ്ങള്‍ എന്നിവയ്ക്കും വോട്ട് രേഖപ്പെടുത്താന്‍ പോകുന്നതിനും നിയന്ത്രണങ്ങള്‍ ബാധകമല്ല. വോട്ടെടുപ്പിന് മുന്‍പുള്ള 48 മണിക്കൂറില്‍ വീടുകള്‍ കയറിയുള്ള പ്രചാരണങ്ങള്‍ക്കും തടസ്സമുണ്ടാകില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 206 പ്രകാരം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഏപ്രില്‍ ഒന്‍പതിനാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക.
