
വന്ദേ ഭാരത് എക്സ്പ്രസ്സിൻ്റെ ഫ്ലാഗ് ഓഫും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. രാവിലെ വിമാനത്താവളത്തിൻ്റെ ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ ആയ കൊച്ചിന്‍ വാട്ടര്‍ മെട്രോ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. വൈദ്യുതീകരിച്ച ദിണ്ഡിഗല്‍ – പളനി – പാലക്കാട് സെക്ഷനും നാടിന് സമര്‍പ്പിച്ചു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല – ശിവഗിരി സ്‌റ്റേഷനുകളുടെ പുനര്‍വികസനം, നേമവും കൊച്ചുവേളിയും ഉള്‍പ്പെടുന്ന തിരുവനന്തപുരം റെയില്‍വേ മേഖലയുടെ സമഗ്ര വികസനം, തിരുവനന്തപുരം- ഷൊര്‍ണ്ണൂര്‍ ഭാഗത്തെ വേഗം വര്‍ദ്ധിപ്പിക്കല്‍ എന്നീ പദ്ധതിക്കള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.

മലയാളത്തിൽ നമസ്കാരം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സെൻട്രൽ, വർക്കല- ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനുള്ള തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. 1140 കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതാണ് പദ്ധതി.
കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ സംസ്ഥാനത്തിന് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊച്ചി മെട്രോ പദ്ധതി മാതൃകാപരമായ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് തന്നെ ആദ്യ വാട്ടർ മെട്രോയ്ക്ക് 1736 കോടി രൂപയാണ് ചെലവ് ഉണ്ടായത്.
