

പെരിയ(കാസറഗോഡ്): സ്വാഭാവികമായ റബ്ബറിന് ആദായകരമായ വില ഉറപ്പാക്കുക, ടയർ കമ്പനികളുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക, കുത്തക ടയർ കമ്പനി ലോബികളുടെ ഒത്തുകളി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടുക എന്നീ മർമ്മ പ്രധാനങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പെരിയ ബസാറിൽ നിന്നും ആരംഭിച്ച മാർച്ച് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന സമരം കേരളകർഷസംഘം കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി സുരേന്ദ്രൻ, തങ്കമണി വില്ലാരം പതി, എന്നിവരും എം.മോഹനൻ കെ.വിശ്വനാഥൻ തുടങ്ങിയവരും സംസാരിച്ചു. കേരള കർഷകസംഘം പെരിയ വില്ലേജ് സെക്രട്ടറി ടി.ഷാജീവൻ സ്വാഗതം പറഞ്ഞു.
