ആഗോള കത്തോലിക്കാ സഭയുടെ തലവൻ; 11 വർഷം ആഗോള സഭയെ നയിച്ച ലോക സമാധാനത്തിന് വേണ്ടി ശബ്ദിച്ച പിതാവ്; ഗാസക്ക് വേണ്ടി ഇന്നലെയും സംസാരിച്ചു..

You are currently viewing ആഗോള കത്തോലിക്കാ സഭയുടെ തലവൻ; 11 വർഷം ആഗോള സഭയെ നയിച്ച ലോക സമാധാനത്തിന് വേണ്ടി ശബ്ദിച്ച പിതാവ്; ഗാസക്ക് വേണ്ടി ഇന്നലെയും സംസാരിച്ചു..

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. (ഇന്ത്യൻ സമയം രാവിലെ 11:05am)ന്. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച ലോക സമാധാനത്തിന് വേണ്ടി ശബ്ദിച്ച പാവങ്ങളെ ചേർത്തു പിടിച്ച പിതാവാണ് വിടവാങ്ങിയത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനച്ച മാർപ്പാപ്പയുടെ യഥാർത്ഥ പേര് ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ‘ഫ്രാൻസിസ്’ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

രോഗ ബാധിതനായ മാർപാപ്പ 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23ന് ആശുപത്രി വിട്ടത്. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14-നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് മാസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. വിശ്രമ ജീവിതത്തിലേക്ക് തിരിച്ചു വന്നങ്കിലും അദ്ദേഹം കഴിഞ്ഞ ദിവസം ഈസ്റ്റർ ദിനത്തിലും മാ‍ർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ കണ്ടിരുന്നു. അപ്പോഴും ഗാസയിലെ സാധാരണ ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി. ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് തൻ്റെ ഈസ്റ്റ‍ർ സന്ദേശത്തിൽ ആവശ്യപ്പെട്ടു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തൻ്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. ലാറ്റിനമേരിക്കയിൽ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

0Shares