
വാർത്തകൾ ലഭിക്കാൻ: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX
പീതാംബരൻ കുറ്റിക്കോൽ
തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ സ്വാസ്ഥ്യ കേന്ദ്രമാക്കി തിരുവനന്തപുരം പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രിയെ ഉയര്‍ത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അമ്പതോളം പേര്‍ക്ക് ഒരേസമയം ചികിത്സ തേടാവുന്ന രീതിയില്‍, നവീനവും സുസജ്ജവുമായ ചികിത്സാ മുറികളും താമസ സൗകര്യവും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
കേരളീയ തനിമയിലുള്ള കെട്ടിട നിര്‍മിതിയും ഭൂപ്രകൃതി നവീകരണവുമാണ് നടത്തുക. മികച്ച യോഗാ സെൻ്റെര്‍, വിപുലമായ ഔഷധസസ്യ ഉദ്യാനം, ഔഷധ ആഹാരക്രമം എന്നിവയെല്ലാം സമന്വയിപ്പിച്ച് ആയുര്‍വേദത്തിൻ്റെ കേരള പെരുമ ലോകജനതയ്ക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

കേരളത്തിൻ്റെ അഭിമാനമായ ആധികാരിക ആയുര്‍വേദ പഞ്ചകര്‍മ്മം ഉള്‍പ്പെടെയുള്ള സ്വാസ്ഥ്യ ചികിത്സാ വിധികള്‍ ലോകത്തിന് മുന്നില്‍ ഉയർത്തിക്കാട്ടുന്ന വികസനമായിരിക്കുമെന്ന് നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ.ഡി.സജിത് ബാബു ഐ.എ.എസ് ചാനൽ ആർ.ബിയോട് പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ കേരള സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പ്രത്യേക കേന്ദ്രമാണ് പദ്ധതിയിടുന്നതെന്നും ഈ മാസം 21 ഓടെ അന്തിമ രൂപരേഖ തയ്യാറാകുമെന്നും മിഷൻ ഡയറക്ടർ വ്യക്തമാക്കി.
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിൻ്റെ അനക്‌സായ പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയെ നാഷണല്‍ ആയുഷ് മിഷൻ്റെ സഹകരത്തോടെയാണ് നവീകരിക്കുന്നത്. വരും വര്‍ഷം തന്നെ ഈ കേന്ദ്രത്തിൻ്റെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്ന വിധമാണ് പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ.ഡി.സജിത് ബാബു ഐ.എ.എസ്, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി.ഡി ശ്രീകുമാര്‍, ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ആര്‍ രാജം, പ്രോഗ്രാം മാനേജര്‍ ഡോ. ആര്‍.ജയനാരായണന്‍ എന്നിവര്‍ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
