
കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ അവയവ കച്ചവടത്തിന് വേണ്ടിയല്ല കൊലപാതകമെന്ന് പൊലീസ്. ഈ കേസില്‍ അവയവ കച്ചവടമെന്നത് സാമാന്യ ബോധത്തിന് നിരക്കാത്തതാണ്. ഇത്രയും വൃത്തിഹീനമായ സാഹചര്യത്തില്‍ നടക്കുന്നതല്ല അവയവ ദാനം. പ്രധാനപ്രതി ഷാഫി ഒരുപക്ഷേ അവയവ ദാനമെന്ന് പറഞ്ഞ് ഭഗവല്‍ സിങ്ങിനെയും ലൈലയെയും സ്വാധീനിച്ചിട്ട് ഉണ്ടാകാമെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.
പ്രധാനപ്രതി ഷാഫി കൊലപാതകം സംബന്ധിച്ച് പല കഥകളും ഉണ്ടാക്കുന്നുണ്ട്. അതെല്ലാം ശരിയാകണമെന്നില്ല. പൊലീസ് എല്ലാം തള്ളിക്കളയുന്നുമില്ല. ഫേസ്ബുക് അക്കൗണ്ടുകള്‍ വഴിയാണ് ഷാഫി പ്രതികളുമായി അടുത്തത്.

സോഷ്യല്‍ മീഡിയയില്‍ നന്നായി ഇടപെടാന്‍ അറിയാവുന്നവരാണ് ഷാഫിയും മറ്റ് പ്രതികളും. മൃതദേഹ ഭാഗങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായിട്ടില്ല. ഏറെ കഷണങ്ങളായതിനാല്‍ സമയം കൂടുതലെടുക്കുകയാണ്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കുറച്ചുകൂടി വിവരങ്ങള്‍ ലഭിക്കും. ഷാഫിയുടെ സഞ്ചാര പാത പോലീസ് പുനരാവിഷ്കരിച്ചു.

പത്മയുടേയും റോസ്ലിൻ്റെയും ശരീരഭാഗങ്ങള്‍ മുറിച്ചത് ഷാഫിയായിരിക്കണം. ഒരു അറവുകാരനെ പോലെയാണ് ഇയാള്‍ പെരുമാറിയത്. ഷാഫിക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നതിന് ഇപ്പോള്‍ തെളിവൊന്നുമില്ല. എന്നാല്‍, ഇക്കാര്യവും തള്ളിക്കളയുന്നില്ല -കമീഷണര്‍ വ്യക്തമാക്കി. ഷാഫി കൂടുതല്‍ പേരെ ഇരകളാക്കിയതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡി.സി.പി എസ്.ശശിധരന്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകളുണ്ട്. അവ പരിശോധിച്ചു കൊണ്ടിരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.
