
കട്ടപ്പന / ഇടുക്കി: മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ചത് നരബലിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രതികള്‍ രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടിയതായാണ് വിവരം. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്‌ണു വിജയൻ (27), പുത്തൻ പുരയിക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ പ്രതി വിഷ്‌ണു വിജയൻ്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്. കട്ടപ്പന സാഗര ജങ്ഷനിലുള്ള വിഷ്‌ണുവിൻ്റെ പഴയ വീടിൻ്റെ തറയില്‍ കുഴിയെടുത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. ദുർമന്ത്രവാദത്തിൻ്റെയും ആഭിചാര ക്രിയകളുടെയും തെളിവുകള്‍ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തി.
വിഷ്‌ണുവിൻ്റെ സുഹൃത്തായ നിതീഷിന് വിഷ്‌ണുവിൻ്റെ സഹോദരിയില്‍ ഉണ്ടായ കുട്ടിയെയാണ് കൊന്നത്.

ഗന്ധർവന് കൊടുക്കാൻ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്ന് വാങ്ങിക്കൊണ്ടു പോയത്. നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കിയത്.
ശനിയാഴ്‌ചയാണ് നഗരത്തിലെ വർക്ക് ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ വിഷ്‌ണുവിനെയും നിതീഷിനെയും കട്ടപ്പന പേലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ ഒരു യാത്ര കഴിഞ്ഞ് യാദൃശ്ചികമായി വർക്ക് ഷോപ്പിന് സമീപത്ത് എത്തിയ വർക്ക് ഷോപ്പ് ഉടമയുടെ മകൻ ഇവർ സാധനങ്ങള്‍ മോഷ്ടിക്കുന്നത് കണ്ട് രണ്ടുപേരെയും പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിലാണ് നരബലി സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. സംഭവത്തെ തുടർന്ന് കാഞ്ചിയാറിലെ പ്രതികളുടെ വീടിന് പോലീസ് കാവല്‍ ഏർപ്പെടുത്തി.
