
പീതാംബരൻ കുറ്റിക്കോൽ
കാസർകോട് / തിരുവനന്തപുരം: കറിപൗഡറുകളില്‍ കീടനാശിനിയുടെ അംശം ഹാനികരമായ വിധത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിനുകാരണം കര്‍ഷകരുടെ വിവേചന രഹിതമായ കീടനാശിനി പ്രയോഗമാണെന്ന് നിര്‍മാതാക്കള്‍. കാര്‍ഷിക രംഗത്തെ കീടനാശിനി പ്രയോഗത്തില്‍ ഒരു നിയന്ത്രണവും ഇല്ലാത്തതാണ് അടിസ്ഥാന പ്രശ്‌നമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
കറിപൗഡറുകൾ, ഭക്ഷ്യ എണ്ണകൾ, കുപ്പിവെള്ളം തുടങ്ങിയവയിൽ മായവും കീടനാശിനികളും കലർത്തിയത് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തില്‍ നിരവധി കമ്പനികള്‍ക്കെതിരെ കേസ് ഫയൽ ചെയ്‌ത് കോടതികളിൽ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ കാര്യാലയത്തില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

വില്പനയിലുള്ള ഒട്ടുമിക്ക ബ്രാന്‍ഡ് കറി പൊടികളിലും അനുവദനീയമായതിലും കൂടുതല്‍ കീടനാശിനി അംശമുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.
”വിപണിയില്‍ ലഭ്യമായ കാര്‍ഷിക ഉല്പന്നങ്ങളാണ് ഞങ്ങള്‍ക്കു വാങ്ങാനാവുക. അതില്‍ ഞങ്ങള്‍ പ്രത്യേകമായി കീടനാശിനിയൊന്നും ചേര്‍ക്കുന്നില്ല. കീടനാശിനി പ്രയോഗത്തില്‍ ഒരു നിയന്ത്രണവുമില്ലാതെയാണ്, 90 ശതമാനം മുളകും ഉത്പാദിപ്പിക്കുന്നത്. 27 തരത്തില്‍പ്പെട്ട കീടനാശിനികള്‍ വിലക്കണമെന്ന് മൂന്നുവര്‍ഷമായി ഞങ്ങള്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയോട് ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇതിങ്ങനെ അനിയന്ത്രിതമായി തുടര്‍ന്നാല്‍ വരും തലമുറയാവും അനുഭവിക്കേണ്ടി വരിക’ -ഓള്‍ ഇന്ത്യ സ്‌പൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം വൈസ്. പ്രസിഡണ്ട് ചെറിയാന്‍ സേവ്യര്‍ പറഞ്ഞു.
“കയറ്റുമതിയില്‍ കേന്ദ്രീകരിക്കുന്ന കമ്പനികള്‍ പ്രത്യേകം ശ്രദ്ധ കൊടുത്ത് കര്‍ഷകരെ കൊണ്ട് അധിക കീടനാശിനിയില്ലാതെ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഉല്പന്നം പായ്ക്ക് ചെയ്യുന്നതിലുള്ള സാമഗ്രികള്‍ പോലും കമ്പനികള്‍ ആണ് എത്തിച്ചുനല്‍കുന്നത്. എങ്കിലേ ഉല്പന്നം കയറ്റുമതി ചെയ്യാനാവൂ”- അദ്ദേഹം പറയുന്നു.

കയറ്റുമതിക്കായുള്ള ഉല്പന്നങ്ങള്‍ ഇത്തരത്തില്‍ അതീവ ശ്രദ്ധയോടെ തയാറാക്കുമ്പോള്‍ ആഭ്യന്തര വിപണിയില്‍ ഒരുതരത്തിലുള്ള നിയന്ത്രണങ്ങളും ഇല്ലെന്ന സൂചനയാണ് ഈ രംഗത്തുള്ളവര്‍ നല്‍കുന്നത്. കീടനാശിനിയുടെ അനുവദനീയ അളവ് എത്രയെന്നത് സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ക്ക് വ്യത്യസ്ത മാനദണ്ഡമാണ് ഉള്ളതെന്നും അവര്‍ പറയുന്നു.
മായം കലർത്തിയത് കണ്ടെത്താം
നാം നിത്യവും പുറത്തു നിന്നും വാങ്ങി ഉപയോഗിക്കുന്ന മുളകുപൊടി മായം കലർന്നതാണോ അല്ലയോ എന്ന് പരിശോധിച്ച ശേഷം ആകണം ഇത് ഉപയോഗിക്കുന്നത്. ഇന്ത്യൻ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ അതോറിറ്റി (FSSAI) പറഞ്ഞു തരുന്നുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ FSSAI ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ അപ്‌ലോഡ് ചെയ്തു.
അതിൽ അവർ ഇഷ്‌ടിക പൊടിയും ടാൽക്ക് പൊടിയും കലർത്തിയ മുളകുപൊടിയും മായം കലരാത്ത മുളകുപൊടിയും തമ്മിലുള്ള പ്രധാന വ്യത്യാസം കാണിച്ചുതരുന്നുണ്ട്. ഉപയോഗിക്കുന്ന മുളകുപൊടിയിൽ മായം ചേർന്നിട്ടില്ലെന്ന് ഉറപ്പുവരുത്താനുള്ള ഒരു മാർഗ്ഗം ലളിതമായ രീതിയിൽ ഈ പരീക്ഷണം നടത്തുക എന്നതാണ്.
ഒരു ഗ്ലാസിൽ വെള്ളം എടുക്കുക. അതിലേക്ക് മുളകുപൊടി ഒരു സ്‌പൂണിൽ എടുത്ത് വെള്ളത്തിലേക്ക് ഇടുക ഈസമയം മുളക് തരിതരിയായി വെള്ളത്തിനടിയിലേക്ക് ഊർന്നുപോവുകയാണ് എങ്കിൽ മുളകുപൊടി ശുദ്ധമാണ് എന്ന് മനസിലാക്കാം. മുളകുതരികൾ താഴേക്ക് ഊർന്നു പോകുന്നതിൻ്റെ കൂട്ടത്തിൽ വെള്ളത്തിൽ നിറം പടരുന്നുണ്ടെങ്കിൽ മുളകുപൊടിയിൽ മായവും നിറവും ചേർത്തിട്ടുണ്ടെന്ന് തിരിച്ചറിയാം.
മറ്റൊരു രീതി ചെറിയ അളവിൽ മുളകുപൊടി എടുത്ത് വെള്ളം ചേർത്ത് കൈപ്പത്തിയിൽ തടവുക. ഇത് കയ്യിൽ വെച്ച് തിരുമ്മുമ്പോൾ എന്തെങ്കിലും തരത്തിൽ കട്ടി തോന്നിയാൽ മുളകുപൊടിയിൽ ഇഷ്‌ടികപ്പൊടി കലർത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കയ്യിൽ ചെറുതായി സോപ്പ് പുരുണ്ട പോലെ തോന്നുകയാണെവെങ്കിൽ, അതിൽ സോപ്പ് സ്റ്റോൺ മായം ചേർക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
ശരീരത്തിൻ്റെയും ആരോഗ്യത്തിൻ്റെയും പ്രാധാന്യം കണക്കിലെടുത്ത് ജൈവ കൃഷിയിൽ ഉണ്ടാക്കിയ മുളക് വാങ്ങി വീട്ടിൽ പൊടിച്ച് ഉപയോഗിക്കുക.
