പെരിയ ഇരട്ടകൊലപാതകം: സി.ബി.ഐയുടെ വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കുന്നത്; കേസ് അട്ടിമറിക്കുന്നത് സര്‍ക്കാര്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing പെരിയ ഇരട്ടകൊലപാതകം: സി.ബി.ഐയുടെ വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കുന്നത്; കേസ് അട്ടിമറിക്കുന്നത് സര്‍ക്കാര്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍കോട്ടെ പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണം വഴിമുട്ടിയെന്ന കോടതിയിലെ സി.ബി.ഐയുടെ വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ . കേസിന്‍റെ പലഘട്ടത്തിലും നാടകീയ രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. ഇരട്ടക്കൊല കേസിലെ പ്രതികള്‍ക്ക് ഏതുവിധേനയും ജാമ്യം തരപ്പെടുത്താനുള്ള നീക്കങ്ങളുണ്ടായെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

പെരിയ കൊലപാതക്കേസ് അട്ടിമറിക്കുന്നത് സര്‍ക്കാരാണ്. കോടതി ഉത്തരവ് പ്രകാരം അന്വേഷണത്തിന് തയ്യാറായ സിബിഐ പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറിയും അനുബന്ധ രേഖകളും നല്‍കാന്‍ ക്രൈംബ്രാഞ്ച് തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകികളെ സംരക്ഷിക്കുന്ന സി.പി.എമ്മിന്‍റെ നാണംകെട്ട ഇടപെടലിനെ തുടര്‍ന്നാണ് കേസ് അന്വേഷണം വഴിമുട്ടിയതും അനന്തമായി നീണ്ടുപോകുന്നതും.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത്‌ലാലിനേയും മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത് സി.പി.എമ്മിന്‍റെ ഗുണ്ടകളാണ്. ഈകേസിന്‍റെ തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കാനും അന്വേഷണം സി.പി.എം ഉന്നതരിലേക്ക് എത്താതിരിക്കാനുമുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തിയിരുന്നു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാതെ കൊലപാതക കാരണം വെറും വ്യക്തിവൈരാഗ്യം എന്നതുമാത്രമായി ചുരുക്കി കുറ്റപത്രം സമര്‍പ്പിച്ചു.

സാക്ഷികളെക്കാള്‍ പ്രതികളെ മാത്രം വിശ്വാസത്തിലെടുത്ത് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തെ കണക്കിന് വിമര്‍ശിച്ച ഹൈക്കോടതി കുറ്റപത്രം റദ്ദാക്കുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.അന്നുമുതല്‍ സി.ബി.ഐ അന്വേഷണം എങ്ങനെയും അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ടി.പി.ചന്ദ്രശേഖരന്‍,ഷുഹൈബ് വധം ഉള്‍പ്പെടെ സി.പി.എമ്മുകാര്‍ പ്രതികളായിട്ടുള്ള കൊലപാതക്കേസുകളില്‍ പ്രതികളെ രക്ഷിക്കാന്‍ നികുതിദായകന്‍റെ കോടികളാണ് സര്‍ക്കാര്‍ പൊടിച്ചത്. മക്കളുടെ കൊലയാളികള്‍ക്കെതിരെ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെടുന്ന രക്ഷകര്‍ത്താക്കള്‍ക്കെതിരെ വാദിക്കാനാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും മുഖ്യമന്ത്രി ഒരുകോടി രൂപയോളം ചെലവാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

0Shares