
ദില്ലി: ഗുജറാത്തിലെ വഡോദരയിൽ ട്രെയിനിൽ യാത്രക്കാരന് ക്രൂര മർദ്ദനം. ട്രെയിനില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ പാന്‍ട്രി ജീവനക്കാര്‍ മർദ്ധിക്കുകയാണുണ്ടായത്. വരാവല്‍- ജബല്‍പൂര്‍ എക്‌സ്പ്രസ്സില്‍ ആണ് സംഭവം. സംഭവത്തിന് പിന്നാലെ ജീവനക്കാരനെ പുറത്താക്കിയതായി റെയിൽവേ അറിയിച്ചു. ജീവനക്കാരനെ പുറത്താക്കിയതിന് പിന്നാലെ കരാര്‍ റദ്ദാക്കിഎന്നും റെയില്‍വേ അറിയിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഐ.ആര്‍.സി.ടി.സി നിരക്കിനു മുകളില്‍ പണം ഈടാക്കിയത് ചോദ്യം ചെയ്തതാണ് പാന്‍ട്രി ജീവനക്കാരെ പ്രകോപിതരാക്കിയത്. ഗുജറാത്തിലെ വേരാവലില്‍ നിന്ന് മധ്യപ്രദേശിലെ ജബല്‍പൂരിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ വഡോദരയില്‍ എത്തിയപ്പോഴാണ് സംഭവം. യാത്രക്കാരനെ ജീവനക്കാർ സംഘമായി എത്തി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് റെയിൽവേ കരാര്‍ റദ്ദാക്കികൊണ്ടുള്ള കടുത്ത നടപടി. ഉത്തരേന്ത്യന്‍ ട്രെയിനുകളില്‍ പാന്‍ട്രി ജീവനക്കാര്‍ യാത്രക്കാരെ ആക്രമിക്കുന്നത് നിത്യസംഭവമാണെന്നും ക്രിമിനല്‍ സ്വഭാവമുള്ള ഇത്തരം ജീവനക്കാർക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്ന ആവശ്യവും ശക്തമാവുകയാണ്.
