
പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ പൂനെ സ്വദേശിയായ യുവാവിനെ മുംബൈയില്‍ പൊലീസ് അറസ്റ്റുചെയ്തു. സാംദര്‍ശി യാദവ്(32) എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തായ്‌ലന്‍ഡിലേക്ക് പോയത് ഭാര്യ അറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
പാസ്പോര്‍ട്ടിലെ പത്ത് പേജുകളാണ് ഇയാള്‍ കീറിക്കളഞ്ഞത്. സംഭവം പിടിക്കപ്പെട്ടതോടെ സഹര്‍ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും പാസ്പോര്‍ട് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് യുവാവിനെ അറസ്റ്റ് ചെയ്ത് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.

കഴിഞ്ഞദിവസം മാലദ്വീപിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഹാജരാക്കിയ പാസ്പോര്‍ടില്‍ നിന്ന് ഏതാനും പേജുകള്‍ കാണാനില്ലെന്ന കാരണം ചൂണ്ടിക്കാട്ടി യാദവിനെ ഇമിഗ്രേഷന്‍ കൗന്‍ഡറില്‍ തടയുകയായിരുന്നു. പരിശോധനയില്‍ പാസ്പോര്‍ടില്‍ നിന്ന് പത്ത് പേജുകള്‍ കീറിക്കളഞ്ഞതായി കണ്ടെത്തുകയും ചെയ്തു. ഇതോടെ പൊലീസിന് വിവരം കൈമാറുകയായിരുന്നു.
2019-ല്‍ യാത്ര ചെയ്ത വിവരങ്ങളടങ്ങിയ പേജുകളാണ് യുവാവ് പാസ്പോര്‍ടില്‍ നിന്ന് കീറിക്കളഞ്ഞതെന്ന് പൊലീസ് പറഞ്ഞു. 2019-ലാണ് ഇയാള്‍ വിവാഹിതനായത്. അതിന് മുമ്പ് തായ്ലന്‍ഡിലേക്ക് യാത്രചെയ്തിരുന്നു. തായ്ലന്‍ഡിലേക്ക് യാത്രചെയ്ത വിവരം ഭാര്യ അറിയാതിരിക്കാനാണ് വിവാഹശേഷം യുവാവ് പാസ്പോര്‍ടിലെ പേജുകള്‍ കീറിക്കളഞ്ഞതെന്നും പൊലീസ് പറഞ്ഞു.അതേസമയം, കേസില്‍ യാദവ് നിരപരാധിയാണെന്നും ഒരിക്കലും പാസ്പോര്‍ടില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകനായ സഞ്ജയ് തിവാരി പറഞ്ഞു. യാദവിനെതിരെ ഐ.പി. സി വകുപ്പുകള്‍ ചുമത്തിയത് ഒരിക്കലും നിലനില്‍ക്കില്ല. ഇത് പാസ്പോര്‍ട് ആക്ട് പ്രകാരമുള്ള കേസ് മാത്രമാണ്. പാസ്പോര്‍ടിൻ്റെ ബൈന്‍ഡിങ് തകരാറായതിനാലാണ് ഏതാനും പേജുകള്‍ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
