
കറാച്ചി(പാകിസ്ഥാൻ): വിമാനം തകർന്ന് വീണ് വൻ അപകടം. കറാച്ചി വിമാനത്താവളത്തിന് അടുത്തുവച്ചാണ് അപകടം. വിമാനത്തില്‍ 99 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായതായാണ് വിവരം. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിൻ്റെ യാത്രാവിമാനമാണ് തകർന്നുവീണത്. ജനങ്ങൾ തിങ്ങി താമസിക്കുന്ന ഒരു കോളനിയിലേക്കാണ് വിമാനം തകർന്നു വീണതെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. മരണ വിവരം ലഭ്യമല്ല.
ലഹോറില്‍നിന്നു കറാച്ചിയിലേക്കു വരികയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. എയര്‍ബസ് എ320 വിമാനമാണ് ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പായി തകര്‍ന്നു വീണതെന്ന് പാക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിമാനം തകർന്നു വീണ പ്രദേശത്ത് നിരവധി വീടുകള്‍ തകർന്നിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്നവർക്ക് പുറമെ പ്രദേശ വാസികളിൽ ആർക്കൊക്കെ എന്തൊക്കെ സംഭവിച്ചു എന്നത് അന്വേഷിച്ചു വരികയാണെന്ന് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
