
കൊച്ചി: സാങ്കേതിക സർവകലാശാല വൈസ്. ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിണ്ട് ഡയറക്ടർ ഡോ. സിസ തോമസിന് നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിൻ്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹർജിയിൽ യു.ജി.സിയെ കക്ഷി ചേർത്ത കോടതി ചാൻസലർ ഉൾപ്പെടെ എതിർ കക്ഷികൾക്കെല്ലാം നോട്ടിസിന് നിർദേശിച്ചു. ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വെള്ളിയാഴ്‌ച പരിഗണിക്കാൻ മാറ്റി. കെ.ടി.യു വി.സി നിയമനം റദ്ദാക്കണമെന്നാണ് സംസ്ഥാന സർക്കാര്‍ ആവശ്യപ്പെട്ടത്.
ഇപ്പോൾ നിയമനം സ്റ്റേ ചെയ്യുകയാണെങ്കിൽ സാങ്കേതിക സർവകലാശാലയ്ക്ക് വി.സി ഇല്ലാതാകും. അതുകൊണ്ട് ഇപ്പോൾ തീരുമാനം എടുക്കാനാകില്ല. വേണമെങ്കിൽ വെള്ളിയാഴ്‌ച ഈ വിഷയം പരിഗണിക്കാം. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, വി.സിയുടെ പേര് ശുപാർശ ചെയ്യാൻ അവകാശമുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.
ഗവർണർ ഉൾപ്പെടെ എതിർകക്ഷികൾക്ക് നോട്ടിസ് നൽകും. കേസിൽ യു.ജി.സിയെ കേസിൽ കക്ഷിചേർത്തു. സാങ്കേതിക.വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിണ്ട് ഡയറക്ടർ സിസാ തോമസ് ആണ് ഇപ്പോൾ കെടിയുവിൻ്റെ താൽക്കാലിക വി.സി.

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് പത്ത് വൈസ്. ചാൻസലർമാർ കഴിഞ്ഞ ദിവസം മറുപടി നൽകി. ഇനി രാജ്ഭവൻ്റെ തുടർനീക്കം എന്തെന്ന് കാത്തിരിക്കുകയാണ് വി.സിമാർ. ഹിയറിങ്ങിന് വിളിച്ചാലും ഗവർണർക്ക് മുന്നിൽ ഹാജരാകില്ലെന്ന നിലപാട് കണ്ണൂർ വി.സി പരസ്യമാക്കി കഴിഞ്ഞു. ആവശ്യമെങ്കിൽ അഭിഭാഷകരെ അയക്കാനാണ് വി.സി മാരുടെ നീക്കം. അതേസമയം സാങ്കേതിക സർവകലാശാല വി.സി യോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ചാൻസലറായ ഗവർണർ നടപടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
ഗവർണർ അനുവദിച്ച സമയ പരിധിക്കുള്ളിലാണ് 10 വി.സിമാരും കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയത്. വി.സിമാരുടെ മറുപടി രാജ്ഭവൻ പരിശോധിക്കും. സ്ഥാനത്ത് തുടരാൻ നിയപരമായി അധികാരമുണ്ടെന്നാണ് വി.സിമാർ നൽകിയ മറുപടിയുടെ ഉള്ളടക്കം. ചാൻസലർ വിസിമാരെ ഹിയറിങ്ങിന് വിളിക്കുമോ എന്നതും നിർണായകമാണ്. ഗവർണർക്ക് മുന്നിൽ നേരിട്ട് ഹാജരാകില്ലെന്ന് കണ്ണൂർ വി.സി പരസ്യമാക്കി കഴിഞ്ഞു. അതേസമയം ഗവർണർ നിയമിച്ച കെ.ടി.യു വി.സിക്കെതിരായ നീക്കങ്ങളിലും രാജ്ഭവൻ്റെ നടപടി ഉണ്ടാകും. ജോലിക്ക് എത്താത്തവരോട് വിശദീകരണം ആവശ്യപ്പെടാൻ വി.സിയോട് രാജ്ഭവൻ നിർദേശിച്ചു.
