Categories
Kerala local news

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കാസര്‍കോട് സിറ്റിംഗ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു;കമ്മീഷന്‍ ചെയർപേഴ്സൺ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു

കാസർകോട്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ അഡ്വക്കേറ്റ് എ.എ റഷീദ് കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തി. മുഹിമാത്തുല്‍ മുസ്ലിമിന്‍ എഡ്യൂക്കേഷന്‍ സെന്ററിൻ്റെ കീഴിലുള്ള കമ്മ്യൂണിറ്റി ഹാളിന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ കുമ്പള ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നിരസിച്ചത് സംബന്ധിച്ച പരാതിയില്‍, എതിര്‍കക്ഷികളായ കുമ്പള ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, മഞ്ചേശ്വരം താലൂക്ക് സര്‍വ്വേയര്‍ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച കമ്മീഷന്‍ ഇരു കക്ഷികളെയും നേരില്‍ കേട്ട് പ്രശ്‌ന പരിഹാരത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

പി.എം.എം.വൈ പദ്ധതി പ്രകാരം ലഭ്യമാകേണ്ട സാമ്പത്തിക സഹായം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം നഷ്ടപ്പെട്ടത് സംബന്ധിച്ച് ഉള്ളോടി സ്വദേശിനി സമര്‍പ്പിച്ച പരാതി പരിഗണിച്ച കമ്മീഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ബദിയടുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതില്‍ സംഭവിച്ച പിഴവാണ് അപേക്ഷ നിരസിക്കാന്‍ കാരണമെന്നും പരാതിക്കാരി അപേക്ഷ നേരിട്ട് സമര്‍പ്പിച്ചാല്‍ ധനസഹായം അനുവദിക്കാമെന്നുമുള്ള റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍, അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദേശം നല്‍കി, തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.

വീടിന് മുകളിലൂടെയുള്ള വൈദ്യുതലൈന്‍ മാറ്റി കിട്ടുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടും ഇലക്ട്രിസിറ്റി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ഉക്കിനടുക്ക സ്വദേശിയുടെ പരാതിയില്‍ എതിര്‍ കക്ഷികളായ ഇലക്ട്രിസിറ്റി ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, പെര്‍ള ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച കമ്മീഷന്‍ ഇരുകക്ഷികളെയും നേരില്‍ കേട്ട് പ്രശ്‌ന പരിഹാരത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് 9746515133 എന്ന നമ്പരില്‍ വാട്ട്‌സ് ആപ്പിലൂടെയും പരാതി സമര്‍പ്പിക്കാം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest