Categories
education Kerala news

പി.ടി.എ സ്‌കൂള്‍ ഭരണ സമിതിയല്ല; വന്‍ തുക ഈടാക്കുന്നത് അനുവദിക്കില്ല, നിര്‍ബന്ധ പൂര്‍വ്വം വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ പിരിവ് പാടില്ല: മന്ത്രി വി.ശിവന്‍കുട്ടി

മിനിമം മാര്‍ക്ക് സംവിധാനം കൊണ്ടു വരും എന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ പി.ടി.എ ഫണ്ട് എന്ന പേരില്‍ വന്‍ തുക ഈടാക്കുന്നത് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ജനാധിപത്യപരമായി വേണം പി.ടി.എകള്‍ പ്രവര്‍ത്തിക്കാന്‍. പി.ടി.എ എന്നത് സ്‌കൂള്‍ ഭരണ സമിതിയായി കാണരുതെന്നും മന്ത്രി പറഞ്ഞു.

നിര്‍ബന്ധ പൂര്‍വ്വം വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ പിരിവ് പാടില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ പ്രവേശനത്തിന് വലിയ തുക വാങ്ങുന്നെന്നും പരാതിയുണ്ട്. ഫീസ് കുടിശിക ആകുമ്പോള്‍ ടി.സി നല്‍കാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നു. ഒന്നാം ക്ലാസ്സില്‍ തന്നെ വലിയ തുക ഈടാക്കുന്നു. സംസ്ഥാനത്ത് എകീകൃത ഫീസ് ഘടന ഇതുവരെ ഇല്ല. അത് രൂപീകരിക്കേണ്ട സമയമായി.

എകീകൃത ഫീസ് ഘടനയാണെങ്കില്‍ എയ്‌ഡഡ്‌ മേഖലകളില്‍ വാങ്ങുന്ന വലിയ തുകകളെ ഒരു പരിധിവരെ കുറക്കാനാകും. മിനിമം മാര്‍ക്ക് സംവിധാനം കൊണ്ടു വരും എന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

എന്‍ട്രന്‍സ് കോച്ചിങ് സെൻ്റെറുകള്‍ വലിയ ഫീസ് ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് അമിത സാമ്പത്തിക ഭാരം അനുഭവിക്കേണ്ടി വരുന്നു.

ചില അണ്‍ എയ്‌ഡഡ്‌ സ്‌ക്കൂളുകള്‍ ടി.സി തടഞ്ഞു വെയ്ക്കുന്നതായി പരാതി ഉണ്ട്. ടി.സി ഇല്ലാതെ തന്നെ ഇത്തരം കുട്ടികള്‍ക്ക് എയ്‌ഡഡ്‌ സ്‌കൂളുകളില്‍ പ്രവേശനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest