Categories
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെഗാ തൊഴിൽമേള ജോബ് ഫെസ്റ്റ് എൻട്രി- 2025 നടന്നു; നൈപുണ്യ പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..

കാസറഗോഡ്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നിരവധി വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബ്ലോക്കിൻ്റെ അഭിമാന പദ്ധതിയായ മെഗാ തൊഴിൽമേള ഈ വർഷവും പ്രൗഢ ഗംഭീരമായി നടത്തി. തൊഴിൽ അന്വേഷകരുടെ ബാഹുല്യം കൊണ്ടും തൊഴിൽ ദാതാക്കളുടെ എണ്ണം കൊണ്ടും മെഗാ തൊഴിൽമേള അക്ഷരാർത്ഥത്തിൽ ഉദ്യോഗാർത്ഥികൾക്ക് പുതിയ ജീവിതത്തിലേക്കുള്ള വഴി തുറന്നു. ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള അഞ്ചു പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുത്ത 50 പേർക്ക് കേരള നോളഡ്ജ് മിഷൻ്റെ പിന്തുണയോടെ റൂട്രോണിക്സിൻ്റെ നേതൃത്വത്തിൽ വിങ്സ് പാലക്കുന്ന്, ദിൽ മീഡിയ കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ നൈ പുണ്യ പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. അഭ്യസ്ത വിദ്യരായ വീട്ടമ്മമാർക്കാണ് 6 മാസം പരിശീലന കോഴ്സ് പൂർത്തിയാക്കി ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകിയത്.

ജോബ് ഫെസ്റ്റ് എൻട്രി 2025 എന്ന പേരിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന മെഗാ തൊഴിൽമേളയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് MLA ഇ ചന്ദ്രശേഖരൻ നിർവഹിച്ചു. ജോലിയില്ലാത്തവർക്ക് ജോലി നൽകുക എന്നത് ഒരു പുണ്യ പ്രവർത്തിയാണെന്നും അത് സംഘടിപ്പിക്കുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രശംസ അർഹിക്കുന്നു എന്നും എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. വിജയൻ അധ്യക്ഷത വഹിച്ചു. തൊഴിൽ നൈപുണ്യം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ നിർവഹിച്ചു.

അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. ബാബുരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. ഗീത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൾ റഹിമാൻ, മറ്റ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ എന്നിവർ സംസാരിച്ചു. വിജ്ഞാന കേരളം DMC കെ. പി.രഞ്ജിത്ത് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. ശ്രീലത സ്വാഗതവും സെക്രട്ടറി എസ്. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ജോബ് ഫെസ്റ്റ് എൻട്രി 2025 മെഗാ തൊഴിൽമേളയിൽ കല്യാൺ സിൽക്സ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്, നന്തിലത്ത് ജി-മാർട്ട്, ബാങ്ക് ഓഫ് ബറോഡ, കെ.വി.ആർ വെഹിക്കിൾസ്, ആസ്റ്റർ മിംസ്, പോപ്പുലർ വെഹിക്കിൾസ്, ശ്രീറാം ലൈഫ് ഇൻഷുറൻസ് കണ്ണൂർ, ഗേറ്റ് വേ റിസോർട്ട്സ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, എൽ.ഐ.സി ഓഫ് ഇന്ത്യ, ടാറ്റാ, എ.ഐ.എ, ഇൻഡസ് മോട്ടോർ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, എസ്.ബി.ഐ. ലൈഫ് ഇൻഷുറൻസ് തുടങ്ങി 32 ഓളം പ്രമുഖ കമ്പനികൾ പങ്കെടുത്തു. നിരവധി പേർക്ക് ജോലി ലഭിച്ചു.










