Categories
health Kerala national news

ഗുണനിലവാരം ഇല്ലാത്ത രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി തടഞ്ഞു; ഈ മരുന്ന് കൈവശമുള്ളവർ ഉപയോഗിക്കരുത് എന്നും നിർദ്ദേശം; കൂടുതൽ അറിയാം..

തിരുവനന്തപുരം: ഗുണനിലവാരം ഇല്ലാത്ത രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി തടഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഗുണനിലവാരം ഇല്ലന്ന് ഉറപ്പുവരുത്തിയ രണ്ട് കമ്പനികളുടെ സിറപ്പ് മരുന്നുകളുടെ വിതരണവും വിൽപനയും അടിയന്തരമായി നിർത്തിവെച്ചതായി അറിയിച്ചത്. തമിഴ്‌നാട്ടിലെ ഒരു കമ്പനിയുടെ എല്ലാ മരുന്നുകൾക്കും, ഗുജറാത്തിലെ ഒരു കമ്പനിയുടെ ചുമ സിറപ്പിനുമാണ് വിൽപന വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിൻ്റെ ലൈസൻസ് തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോളർ റദ്ദാക്കാൻ നടപടി ആരംഭിച്ച സാഹചര്യത്തിലാണ് കേരളത്തിലും മരുന്നുകൾക്ക് വിലക്കേർപ്പെടുത്തിയത്. ഈ കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണവും വിൽപ്പനയും കേരളത്തിൽ മുഴുവനായും നിർത്തിവെക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, ഗുജറാത്തിലെ റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് അഹമ്മദാബാദ് നിർമ്മിച്ച റെസ്പിഫ്രഷ് ടി.ആർ. (Respifresh TR, 60ml syrup, Batch. No. R01GL2523) എന്ന ചുമ സിറപ്പ് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചതിനെ തുടർന്ന് ഇതിൻ്റെ വിതരണവും വിൽപനയും കേരളത്തിൽ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അടിയന്തരമായി നിർത്തിവെപ്പിച്ചു.

സംസ്ഥാനത്തെ അഞ്ച് വിതരണക്കാർക്കാണ് മരുന്ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുള്ളത്. ഈ മരുന്ന് കൈവശമുള്ളവർ ഉപയോഗിക്കരുത് എന്നും, സർക്കാർ ആശുപത്രികൾ വഴി ഈ മരുന്ന് വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തിയതായും മന്ത്രി വ്യക്തമാക്കി. വിലക്ക് ലംഘിച്ച് മരുന്ന് വിൽക്കുന്നവർക്കെതിരെയും, ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest