സ്ത്രീകളെ ശാക്തീകരിക്കാന്‍ മഹിളാ ശക്തി കേന്ദ്രം :മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു; ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

  • Post category:local news
  • Reading time:1 min read
You are currently viewing സ്ത്രീകളെ ശാക്തീകരിക്കാന്‍ മഹിളാ ശക്തി കേന്ദ്രം :മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു; ജില്ലാതല ഉദ്ഘാടനം നിർവഹിച്ച്  എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കാസർകോട്: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വനിതകളെ ശാക്തീകരിക്കുന്നതിനായി ജില്ലയില്‍ മഹിളാ ശക്തി കേന്ദ്രം ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-സാമൂഹ്യനീതി-വനിതാശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു.

രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ജില്ലയിലാരംഭിക്കുന്ന മഹിളാ ശക്തികേന്ദ്രം സാധാരണക്കാരുടെ അഭയകേന്ദ്രമായി മാറട്ടെയെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കവിതാറാണി രഞ്ജിത്, സീനിയര്‍ ക്ലര്‍ക്ക് പി. വി സീന തുടങ്ങിയവര്‍ സംബന്ധിച്ചു.

തൊഴില്‍, നൈപുണ്യ പരിശീലനം, സാങ്കേതിക പരിജ്ഞാനം, പോഷകാഹാര ആരോഗ്യ പദ്ധതി എന്നീ സേവനങ്ങള്‍ ഒരേ ഉറവിടത്തില്‍ നിന്നും ലഭ്യമാക്കി വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ചതാണ് മഹിളാ ശക്തി കേന്ദ്രം പദ്ധതി. ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള കര്‍മ സമിതിയാണ് മഹിളാ ജില്ലാതല കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന പദ്ധതികള്‍, സ്‌കീമുകള്‍, നിയമങ്ങള്‍ എന്നിവയെ സംബന്ധിച്ച് ഗ്രാമീണ സ്ത്രീകളെ ബോധവത്ക്കരിക്കുകയും അവര്‍ക്ക് ഈ സഹായങ്ങള്‍ സൃഷ്ടിക്കുന്നതിനായി ബ്ലോക്ക് തല കേന്ദ്രങ്ങളും ആരംഭിക്കുന്നതാണ്. ബ്ലോക്ക് തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടി സെന്ററുകള്‍, ഐ.സി.ഡി.എസ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നിനെയാണ് എം.എസ്.‌കെ ബ്ലോക്ക് ലെവല്‍ ഓഫീസാക്കി പ്രവര്‍ത്തിപ്പിക്കുക.

0Shares