ബലിപ്പെരുന്നാള്‍ നാളിൽ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഗൾഫിൽ നിന്നും കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി

You are currently viewing ബലിപ്പെരുന്നാള്‍ നാളിൽ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഗൾഫിൽ നിന്നും കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി

അബുദാബി: ബലിപ്പെരുന്നാള്‍ അടുത്ത് വരികയാണ്. എന്നാല്‍ വിമാന ടിക്കറ്റിൻ്റെ നിരക്ക് കണ്ട് പേടിച്ച്‌ പലരും നാട്ടിലേക്ക് വരാനാവാതെ വിഷമിക്കുകയാണ്. ഒരു സൈഡിലേക്ക് മാത്രം യാത്ര ചെയ്യുന്നതിന് തന്നെ അരലക്ഷം രൂപയിലധികം വേണം. എന്നാല്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത വന്നെത്തി.

ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. വണ്‍വേയ്ക്ക് 26500 രൂപയാണ് (1250 ദിര്‍ഹം) നിരക്ക്. സ്വകാര്യ ട്രാവല്‍ ഏജന്‍സി (അല്‍ഹിന്ദ്) ആണ് സര്‍വീസിന് ചുക്കാന്‍ പിടിക്കുന്നത്. തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം 183 യാത്രക്കാരുമായി തിങ്കളാഴ്‌ച ദുബായില്‍നിന്ന് പുറപ്പെട്ടു. ടിക്കറ്റ് വര്‍ധന മൂലം അവധിക്കാലത്ത് നാട്ടിലേക്ക് പോകാന്‍ സാധിക്കാത്ത കുടുംബങ്ങളുടെ ആവശ്യാര്‍ഥമാണ് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് നടത്തുന്നത്.

ഏഴിന് റാസല്‍ ഖൈമയില്‍ നിന്ന് ഒരു വിമാനവും 8ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് രണ്ട് വിമാനങ്ങളും ഉള്‍പ്പെടെ മൊത്തം നാല് വിമാനങ്ങളിലാണ് പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനും ഏജന്‍സിക്ക് പദ്ധതിയുണ്ട്. ഈ മാസം എഴിന് യു.എ.ഇയില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവങ്ങളിലേക്ക് ഒരാള്‍ക്ക് വണ്‍വേ ടിക്കറ്റിന് ശരാശരി 42,000 രൂപയാണ് സാധാരണ വിമാനങ്ങളില്‍ നിരക്ക്.

മുംബൈ, ഡല്‍ഹി തുടങ്ങി മറ്റു സെക്ടറുകള്‍ വഴി കണക്ഷന്‍ വിമാനത്തിലാണ് ഈ നിരക്ക്. എയര്‍ അറേബ്യ, ഇന്‍ഡിഗോ എന്നീ വിമാനങ്ങളില്‍ നേരിട്ട് പോകാനായി അവശേഷിക്കുന്ന ഒന്നോ രണ്ടോ സീറ്റുകള്‍ക്ക് 52,000 രൂപയാണ് വണ്‍വേ നിരക്ക്. ഇത്തിഹാദില്‍ 89,000 രൂപയും. ഈ ദിവസം നാലംഗ കുടുംബത്തിന് നേരിട്ടുള്ള വിമാനത്തില്‍ പോകണമെങ്കില്‍ വണ്‍വേയ്ക്ക് രണ്ട് ലക്ഷത്തോളം രൂപ നല്‍കണം. കണക്ഷന്‍ വിമാനത്തിലാണെങ്കില്‍ 1,65,000 രൂപയും. ഓഗസ്റ്റ് 15ന് ശേഷം തിരിച്ചു വരണമെങ്കിലും ഇതേ നിരക്കോ അതില്‍ കൂടുതലോ നല്‍കണം.

ഭൂരിഭാഗം വിമാനങ്ങളിലും സീറ്റില്ല അതുകൊണ്ടു തന്നെ ഓഗസ്റ്റ് 29ന് യു.എ.ഇയില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് നാട്ടിലുള്ള പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചെത്താനും ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് വേണ്ടി വരും. മറ്റൊരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ നേതൃത്വത്തിലും ചെവ്വാഴ്‌ച റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്നുണ്ട്.

നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് 1090 ദിര്‍ഹത്തിനാണ് (23500 രൂപ) ടിക്കറ്റ് നല്‍കിയത്. ഈ മാസം ഒന്നിന് മറ്റൊരു ഗ്രൂപ്പിന് കീഴില്‍ രണ്ട് ചാര്‍ട്ടേഡ് വിമാനം ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയിരുന്നു. ഈ വിമാനത്തില്‍ പോയവര്‍ക്കായി ഓഗസ്റ്റ് 15ന് കോഴിക്കോട്ടു നിന്ന് ദുബായിലേക്ക് തിരിച്ചുവരാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

0Shares