Categories
Kerala news

ഗവർണറുടെ ക്രിസ്മസ് മധുരം വേണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും; വിരുന്നിൽ ആരും പങ്കെടുക്കില്ല

കേക്ക് മുറിക്കൽ അടക്കമുള്ള ചടങ്ങുകൾ ഉണ്ടാകും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ക്രിസ്മസ് വിരുന്ന് സർക്കാരും പ്രതിപക്ഷവും ബഹിഷ്കരിക്കും. ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. പ്രതിപക്ഷനേതാവ് ബുധനാഴ്‌ച വൈകിട്ട് ഡൽഹിക്ക് പോകുന്നതിനാൽ വിരുന്നിന് എത്തില്ല. ബുധനാഴ്‌ചയാണ് രാജ്ഭവനിൽ ഗവർണറുടെ ക്രിസ്മസ് വിരുന്ന്. സംസ്ഥാന സർക്കാരുമായുള്ള ശീതയുദ്ധം തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും ഗവർണർ ക്ഷണിച്ചത്.

കഴിഞ്ഞ തവണ മതമേലധ്യക്ഷൻമാരെ പങ്കെടുപ്പിച്ചായിരുന്നു ഗവർണറുടെ ക്രിസ്മസ് ആഘോഷം. എന്നാൽ, ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാർ, സ്‌പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിന് ക്ഷണിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാജ്ഭവനിൽ‌ നിന്നയച്ച ക്ഷണക്കത്തിൽ ഈ മാസം 14ന് വൈകിട്ട് അഞ്ചിന് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേക്ക് മുറിക്കൽ അടക്കമുള്ള ചടങ്ങുകൾ ഉണ്ടാകും.

മുഖ്യമന്ത്രിയുമായി പരസ്യമായ ഏറ്റുമുട്ടൽ തുടരുമ്പോഴുള്ള ഗവർണറുടെ ക്ഷണം, ഓണാഘോഷത്തിന് സർക്കാർ പരിപാടികൾക്ക് തന്നെ ക്ഷണിക്കാത്തതിലുള്ള മധുര പ്രതികാരണെന്നും വിലയിരുത്തുന്നവരുമുണ്ട്. ഗവർണർ ക്ഷണിച്ചാൽ എത്ര തിരക്കുണ്ടായാലും രാജ്ഭവനിൽ എത്തുകയാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും പുലർത്തുന്ന കീഴ്‌വഴക്കം. അതേസമയം, സ്‌പീക്കർ എ.എൻ ഷംസീറും ഉദ്യോഗസ്ഥരും ആഘോഷത്തിന് എത്തും. നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യഘട്ടം 13ന് പൂർത്തിയാകുന്നത് കൂടി കണക്കിലെടുത്താണ് ഗവർണർ ആഘോഷം 14ന് സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരത്തെ ചടങ്ങിന് ശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവൻ അധികൃതരോട് ഗവർണർ നിർദേശിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഈ വർഷം നടന്ന ഓണം വാരാഘോഷ സമാപന പരിപാടിയിൽ‌ നിന്ന് ഗവർണറെ സർക്കാർ ഒഴിവാക്കിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest