
തിരുവനന്തപുരം: 25 കോടിയുടെ ബമ്പറടിച്ച തിരുവനന്തപുരം സ്വദേശി അനൂപിന് ഉപയോഗിക്കാന്‍ സാധിക്കുക 12.89 കോടിയോളം രൂപ മാത്രം. 25 കോടിയുടെ 10 ശതമാനം ഏജണ്ട് കമ്മിഷനും 30 ശതമാനം നികുതിയും കുറച്ചാല്‍ കിട്ടുന്ന തുകയാണ് 15.75 കോടി. ഈ തുക അക്കൗണ്ടിലെത്തും. എന്നാൽ പണി പിന്നെയുമുണ്ട്.
ഏജണ്ട് കമ്മിഷനും ടി.ഡി.എസും ചേര്‍ന്ന തുക മാത്രമാണ് ലോട്ടറിവകുപ്പ് നേരിട്ട് പിടിക്കുന്നത്. ഇതിനുപുറമേ വേറെയും നികുതി അടയ്‌ക്കേണ്ടതുണ്ട്. സമ്മാനത്തുക അക്കൗണ്ടിൽ എത്തുന്നതോടെ അഞ്ചുകോടി രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളയാളായി മാറുന്ന ഭാഗ്യവാന്‍ നികുതിയുടെ 37 ശതമാനം സര്‍ചാര്‍ജ് അടയ്ക്കണം.

നികുതിയും സെസ് ചാര്‍ജും ചേര്‍ന്ന തുകയുടെ നാലുശതമാനം ആരോഗ്യവിദ്യാഭ്യാസ സെസ് ആയും അടയ്ക്കണം. അതായത് 25 കോടിയുടെ ബമ്പര്‍ നേടിയ ആള്‍ക്ക് 10 ശതമാനം ഏജണ്ട് കമ്മിഷന്‍ കഴിഞ്ഞ് കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത 9,61,74,000 രൂപയാണ്. പണം അക്കൗണ്ടിലെത്തി രണ്ടു മാസത്തിനുള്ളില്‍ ബാക്കി തുക അടയ്ക്കണം. വൈകിയാല്‍ ഓരോ മാസവും ഈ തുകയുടെ ഒരു ശതമാനം പിഴത്തുകയും അടയ്ക്കണം.
ഭാഗ്യവാന്മാരില്‍ ഭൂരിപക്ഷത്തിനും സര്‍ചാര്‍ജിനെ കുറിച്ചും സെസിനെ കുറിച്ചും ധാരണയില്ല. അതുകൊണ്ട് ഈ തുക അവര്‍ അടയ്ക്കാറുമില്ല. വര്‍ഷാവസാനം വരുമാനനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ഈ തുകയും പിഴയും ചേര്‍ത്ത് അടയ്‌ക്കേണ്ടി വരുമ്പോഴേക്കും പലരും അക്കൗണ്ടിലെത്തിയ പണം ചെലവഴിച്ചു കഴിയാനായിരിക്കും. ഭാഗ്യവാന്മാർക്ക് പാപ്പരാകാനുള്ള വഴിയും ഇതോടെ തുറക്കുകയാണ്.
